വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ ആരോപണം; സുഭാഷ് വാസുവിന്റെ തിരക്കഥയുടെ സംവിധാനം സംഘ് പരിവാറിന്റേത്

ആലപ്പുഴ: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുശാര്‍ വെള്ളാപ്പള്ളിക്കുമെതിരേ ആരോപണങ്ങളുമായി മുന്നോട്ടുവന്ന സുഭാഷ് വാസുവിന്റെ തിരക്കഥ സംഘ് പരിവാറിന്റേത്. ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കളുടെ പൂര്‍ണ പിന്തുണയോടെയുള്ള ഈ നാടകം സംഘ് പരിവാറിന്റെ മറ്റൊരു ഗൂഢാലോചനയാണെന്നാണ് വ്യക്തമാകുന്നത്.

തുഷാറിന്റെയും വെള്ളാപ്പള്ളിയുടെയും അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങള്‍ ജനുവരി 16ന് വെളിപ്പെടുത്തുവാന്‍ സുഭാഷ് വാസു കൂട്ടുപിടിച്ചിരിക്കുന്നതും സംഘ് പരിവാര്‍ സഹയാത്രികനായ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെയാണ്. വെള്ളാപ്പള്ളിയെപോലുള്ള ഒരു വമ്പനോട് തുറന്ന പോരിന് ഇറങ്ങുമ്പോള്‍ രാഷ്ട്രീയ സ്വാധീനമില്ലാതെ പറ്റില്ലല്ലോ എന്നാണ് സുഭാഷ് വാസുതന്നെ ഇന്നലെ പ്രതികരിച്ചത്.

ഇദ്ദേഹത്തിന് കണക്കു തീര്‍ക്കലാണ്  ലക്ഷ്യമെങ്കില്‍ സംഘ് പരിവാറിന് രാഷ്ട്രീയ നീക്കമാണ്. കുളം കലക്കി മീന്‍ പിടിക്കുകയാണ് ലക്ഷ്യം. ഒരേ സമയം സി.പി.എമ്മിനെയും വെള്ളാപ്പള്ളിയെയും തളര്‍ത്തണം. അതേ സമയം തുഷാറിനെ നിലക്കു നിര്‍ത്തുകയും വേണം.സമുദായഗംങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശനെന്നും ആയിരക്കണക്കിന് കോടി രൂപയാണ് യോഗം അംഗങ്ങളില്‍ നിന്നായി വെള്ളാപ്പള്ളി തട്ടിയെടുത്തതെന്നുമായിരുന്നു എസ്.എന്‍.ഡി.പി മാവേലിക്കര യൂണിറ്റ് പ്രസിഡന്റായിരുന്ന സുഭാഷ് വാസുവിന്റെ ആരോപണം.

എസ്.എന്‍.ഡി.പിയിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് തുഷാര്‍ എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ എന്‍.ഡി.എയുടെ ഭാഗമായ ബി.ഡി.ജെ.എസ് മത്സരിക്കാതിരുന്നത് സി.പി.എമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്. തുടങ്ങിയ ആരോപണങ്ങളും ഇദ്ദേഹം നടത്തിയിരുന്നു.

ഇതെല്ലാം രാഷ്ട്രീയമായി തളര്‍ത്തുവാനും അതിലൂടെ സമുദായത്തിനിടയില്‍ അവമതിപ്പുണ്ടാക്കാനും വേണ്ടിയാണ്. അതിലപ്പുറം ബി.ഡി.ജെ.എസിന്റെ നേതൃത്വത്തിലേക്ക് സുഭാഷ് വാസുവിനെ പ്രതിഷ്ഠിക്കാനുള്ള നീക്കവും ബി.ജെ.പിയിലെ ഒരു വിഭാഗം നടത്തുന്നുണ്ട്. തുഷാറിനെതിരേയും വെള്ളാപ്പള്ളിക്കെതിരേയും ഇദ്ദേഹം നടത്തിയ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ തന്നെ അവയൊന്നും ഒരു സുപ്രഭാതത്തിലുണ്ടായതല്ല, ഇത്രകാലവും കള്ളനു കഞ്ഞിവെച്ചവനാണ് ഇപ്പോള്‍ വിശുദ്ധനായി അവതരിച്ചിരിക്കുന്നതെന്നാണ് ചിലരുടെ പ്രതികരണം. കള്ളനാണയങ്ങളായവരുടെ രാഷ്ട്രീയ ലാഭത്തെയും സ്വാര്‍ഥമോഹത്തെയും തിരിച്ചറിഞ്ഞ് അവരെ അവഗണിക്കുകയാണ് വേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.