ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യ നിലയില്‍ ആശങ്കയെന്ന് ഡോക്ടര്‍, ഹൃദയാഘാതത്തിന് വരെ സാധ്യത; ചികിത്സ നിഷേധിച്ച് പോലീസ്

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയെന്ന് ഡോക്ടര്‍. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ചന്ദ്രശേഖര്‍ ആസാദ് നേരിടുന്നുണ്ടെന്നും ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ ഡോ. ഹര്‍ജിത് സിങ് ഭട്ടി ട്വിറ്ററില്‍ കുറിച്ചു. രോഗത്തെ കുറിച്ച് വിശദാംശങ്ങളും ട്വീറ്റ് പരമ്പരയിലൂടെ അദ്ദേഹം പുറംലോകത്തെ അറിയിക്കുന്നുണ്ട്.

ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അതിന് അനുമതി നല്‍കണമെന്നും ഡോക്ടര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ആസാദ് തന്റെ ചികിത്സയിലാണെന്നും ആഴ്ചതോറും അദ്ദേഹത്തിന് ഫ്ളെബോടോമി ചികിത്സ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചയില്‍ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ടുന്ന രോഗമാണ് ചന്ദ്രശേഖറിന്.

കഴിഞ്ഞ ഒരുവര്‍ഷമായി ഡല്‍ഹി എയിംസില്‍ ചികിത്സ തുടരുകയാണ്. ഇതു കൃത്യമായി
ചെയ്തില്ലെങ്കില്‍ രക്തം കട്ട പിടിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്. പല തവണ ഡല്‍ഹി പോലീസിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും ഡോക്ടര്‍ ട്വീറ്റ് ചെയ്തു. വൈദ്യസഹായം ലഭ്യമാക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ ഡിസംബര്‍ 21 ന് ഡല്‍ഹി കോടതി നിരസിച്ചിരുന്നു. ഇദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ ഭീം ആര്‍മി അംഗങ്ങള്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പൗരത്വ വിരുദ്ധ നിയമ പ്രക്ഷോഭകരോടൊപ്പം ഒത്തുചേരുകയും ചന്ദ്രശേഖര്‍ ആസാദിനെ മോചിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.