പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജാമിയ നാളെ തുറക്കുന്നു; അപവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ ആളിപ്പടര്‍ന്ന പ്രതിഷേധജ്വാലക്ക് തീകൊളുത്തിയ ജാമിയ മിലിയ സര്‍വ്വകാല ഒരിടവേളക്കു ശേഷം നാളെ തുറക്കുന്നു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ നരനായാട്ടിനും അതിനെതിരായ
വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ഡിസംബര്‍ 16നാണ് ജാമിയ അടച്ചത്.

സര്‍വ്വകലാശാല പരീക്ഷകള്‍ നീട്ടിവയ്ക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി അഞ്ചു വരെ അവധി നല്‍കുകയുമായിരുന്നു. മാറ്റിവെച്ച പരീക്ഷകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ എക്സാം ജനുവരി 9 മുതലും, ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ജനുവരി 16 മുതലും ആരംഭിക്കും. സര്‍വ്വകലാശാല വെബ്സൈറ്റില്‍ നല്‍കുന്ന എക്സാം ടൈംടേബിള്‍ അനുസരിച്ച് ക്യാംപസില്‍ എത്തണമെന്ന് സര്‍വ്വകലാശാല
വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി.

പരീക്ഷ സംബന്ധിച്ച് വരുന്ന വ്യാജ വാര്‍ത്തകള്‍ ഒഴിവാക്കാന്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ വരുന്ന വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും ജാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കി. ഡിസംബര്‍ 15ന് ജാമിയ ക്യാംപസിലെത്തി വിദ്യാര്‍ത്ഥികള്‍ക്കു നേരെ അതിക്രമം അഴിച്ചുവിട്ട ഡല്‍ഹി പോലീസിന്റെ നടപടി വ്യാപക പ്രതിഷധത്തിന് ഇടയാക്കിയിരുന്നു.