വീട് കയറി പ്രചാരണത്തിനിടെ അമിത് ഷായ്ക്ക് ‘ഗോ ബാക്ക്’വിളി

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഗോ ബാക്ക് വിളി. ഡല്‍ഹി ലജ്പത് നഗറിലാണ് സംഭവം. ജനങ്ങളില്‍ ബോധവത്കരണം നടത്താനെന്ന പേരില്‍ ബിജെപി നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് കൈവീശി നടന്നുപോകുമ്പോഴായിരുന്നു അമിത് ഷായ്ക്ക് നേരെ രണ്ട് യുവതികള്‍ അടക്കമുള്ള കോളനിവാസികള്‍ ഗോ ബാക്ക് വിളിച്ചത്.

വീടിന്റെ മുകളില്‍ നിന്ന് ബാനറുകള്‍ താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. തുടര്‍ന്ന് കോളനിവാസികളില്‍ ചിലരും ഗോബാക്ക് വിളിച്ചു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ അമിത് ഷാ തയ്യാറായില്ല.സൂര്യ, ഹര്‍മിയ എന്നീ പെണ്‍കുട്ടികളാണ് മുദ്രാവാക്യം വിളിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ പോലീസ് നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.