മരട് ഫ്ളാറ്റ് പൊളിക്കല്‍; പ്രദേശവാസികളോട് വീടൊഴിയാന്‍ പറഞ്ഞിട്ടില്ലെന്ന് സബ്കളക്ടര്‍

കൊച്ചി: ആല്‍ഫ ഫ്ളാറ്റ് പൊളിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് സബ്കളക്ടര്‍ സ്നേഹില്‍കുമാര്‍. ഫ്ളാറ്റ് പൊളിക്കലിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സബ്കളക്ടര്‍ അറിയിച്ചു. സമയക്രമം മാറ്റിയത് സങ്കേതിക കാരണം കൊണ്ട് മാത്രമാണെന്നും പരിസരവാസികള്‍ക്ക് ബോധവത്ക്കരണം നല്‍കുമെന്നും സ്നേഹില്‍ കുമാര്‍ അറിയിച്ചു. പ്രദേശവാസികള്‍ വീടൊഴിയുന്നത് അവരുടെ ആശങ്ക കാരണമാണെന്നും ഇപ്പോള്‍ വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സബ് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മരട് ഫ്ളാറ്റ് പൊളിക്കല്‍ സമയക്രമത്തില്‍ നേരത്തെ നേരിയ മാറ്റം കൊണ്ടുവന്നിരുന്നു. ആദ്യ രണ്ട് ഫ്ളാറ്റുകള്‍ പൊളിക്കുന്നത് അഞ്ച് മിനിറ്റ് വ്യത്യസത്തിലായിരിക്കും. എച്ച്ടുഒ ഫ്ളാറ്റ് പൊളിക്കുന്നത് 11 ന് രാവിലെ 11 മണിക്കാകും. അല്‍ഫാ സെറീന്‍ പൊളിക്കുന്നത് 11.05 നായിരിക്കും. രണ്ടാമത്തെ ഫ്ളാറ്റ് 11.30 ന് പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ സമയക്രമത്തിലാണ് നിലവില്‍ മാറ്റം വന്നിരിക്കുന്നത്.

പൊളിക്കുന്നവയില്‍ ഏറ്റവും വലിയ ഫ്ളാറ്റാണ് ആല്‍ഫാ സെറീന്‍. രണ്ട് ടവറുകളുണ്ട് ഫ്ളാറ്റ് സമുച്ചയത്തിന്. പുറം ചുവരുകള്‍ നീക്കുന്ന ജോലികള്‍ക്കിടെ പരിസരത്തെ 18 വീടുകള്‍ക്ക് ഇതിനകം വിള്ളല്‍ വീണു. നഷ്ടപരിഹാര ബാധ്യത ഏറ്റവും കൂടുതല്‍ ഇവിടെയാണ്. 12 ന് രാവിലെ 11 മണിക്ക് ജയിന്‍ കോറല്‍ കോവ് ഫ്ളാറ്റ് തകര്‍ക്കും. 16 നിലകളും 125 അപാര്‍ട്ട്മെന്റുകളുമുള്ള വീതിയേറിയ കെട്ടിടമാണിത്.