ജെ.എന്‍.യു വില്‍ യോഗേന്ദ്ര യാദവിന് നേരെയും ആക്രമണം

ഡല്‍ഹി: ജെ.എന്‍.യു ക്യാപസ് സന്ദര്‍ശിക്കാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവിനു നേരെയും ഗുണ്ടാ ആക്രമണം. പോലീസും അദ്ദേഹത്തോട് മോശമായാണ് പെരുമാറിയത്. ഗേറ്റിനു പുറത്ത് അധ്യാപകരോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് പോലീസ് അദ്ദേഹത്തെ പിടിച്ചു വലിച്ചത്. പിടിച്ചു വലിച്ച് പുറകിലേക്ക് തള്ളുകയായിരുന്നു. താങ്കള്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നവനാണെന്ന് പറഞ്ഞായിരുന്നു നടപടി.

പിന്നീട് ഒരു സംഘം ഗുണ്ടകളും അദ്ദേഹത്തിന് മേല്‍ കൈവെച്ചു. എന്നാല്‍ പോലീസ് നോക്കി നിന്നല്ലാതെ പ്രതികരിച്ചില്ലെന്ന് യോഗേന്ദ്ര യാദവ് പറയുന്നു. ഇത്തരം പോലീസുകാര്‍ യൂണിഫോം അഴിച്ചു വെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എ.ബി.വി.പി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് അക്രമം നടത്തിയ സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു.

അക്രമം നടന്ന സമയത്ത് ക്യാപസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു. ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് ഗുരുതര പരിക്കേറ്റു. സര്‍വ്വകലാശാലയിലെ മറ്റൊരു എസ്.എഫ്.ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.