ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്, വോട്ടെണ്ണല്‍ 11 ന്

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് തിയതി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ്. 11 ന് വോട്ടെണ്ണല്‍. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 21 ആണ്. പത്രികകളുടെ സൂക്ഷമ പരിശോധന 22 ന് നടക്കും. തിയതി പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു.

സംസ്ഥാനത്ത് മൊത്തം 13,750 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എ.എ.പി അടക്കം എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരിക്കും വരുന്ന തെരഞ്ഞെടുപ്പ്. ബി.ജെ.പിക്ക് ഇത് അഭിമാന പോരാട്ടമായിരിക്കും. കഴിഞ്ഞ തവണ 70 ല്‍ 67 സീറ്റ് നേടിയാണ് ആം ആദ്മി അധികാരത്തിലെത്തിയത്. ഇത്തവണ മോദിയെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ്  തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ കാലാവധി 2020 ഫെബ്രുവരിയില്‍ അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഡല്‍ഹിയുടെ സമ്പൂര്‍ണ സംസ്ഥാന പദവി, മലിനീകരണ പ്രതിസന്ധി, അനധികൃത റെസിഡന്‍ഷ്യല്‍ കോളനികളുടെ ക്രമീകരണം തുടങ്ങിയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചാ വിഷയമാകും. വിവാദമായ പൗരത്വ നിയമവും എന്‍.ആര്‍.സിയുമായിരിക്കും പ്രധാന ചര്‍ച്ച വിഷയം.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 1.46 കോടി വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയുമെന്ന് അന്തിമ തിരഞ്ഞെടുപ്പ് പട്ടികയില്‍ പറയുന്നു. 80.55 ലക്ഷം പുരുഷന്മാരും 66.35 ലക്ഷം സ്ത്രീകളുമടക്കം1,46,92,136 വോട്ടര്‍മാരുണ്ടെന്നാണ് വോട്ടര്‍ പട്ടിക വ്യക്തമാക്കുന്നത്.