ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സംഘടനക്ക് കീഴിയിലെ മുഴുവന്‍ കടകളും നാളെ തുറന്ന് പ്രവര്‍ത്തിക്കും. പണിമുടക്കില്‍ വ്യാപാരികളെ സംരക്ഷിക്കുന്ന വിഷയങ്ങള്‍ ഒന്നും ഇല്ല. സര്‍ക്കാര്‍ വ്യാപാരികളെ തൊഴിലാളികളായി അംഗീകരിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപ സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യുണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. വ്യാപാരികളുടെ സംരക്ഷണം കൂടി ഉറപ്പ് വരുത്തുന്നതായിരുന്നു പണിമുടക്ക് എങ്കില്‍ പങ്കെടുക്കുമായിരുന്നു എന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. നിലവില്‍ പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണ്.

അതിനാല്‍ നാളെ കടകള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പ്ലാസ്റ്റിക്ക് നിരോധനത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം നിവേദനം നല്‍കി. മാര്‍ച്ച് 31 വരെ പിഴശിക്ഷ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം സമര്‍പ്പിച്ചത്.