ലോകത്തെ വന്‍ സൈനിക ശക്തിയാണെന്ന് ഓര്‍മിപ്പിച്ച് ട്രംപ്; പ്രതിരോധം മാത്രമാണെന്ന് ഇറാന്‍

ടെഹറാന്‍: അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 80 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പോര്‍വിളികളുമായി ട്രംപും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫും. തങ്ങളുടെ മുതിര്‍ന്ന സൈനികരേയും നേതാവിനേയും കൊന്നതിലുള്ള
പ്രതിരോധമാണ് ഇറാഖിന്‍ നടത്തിയ അക്രമണമെന്നും ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും ജവാദ് ട്വിറ്ററില്‍ കുറിച്ചു.

അതേ സമയം കുറച്ചു കരുതലോടെയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ്
ട്രംപ് പ്രതികരിച്ചത്. ട്വിറ്ററിലുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെയാണ്. ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ ഇറാന്റെ ആക്രമണം നടന്നുവെന്ന് ട്രംപ്
സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 80 സൈനികര്‍ കൊല്ലപ്പെട്ട കാര്യം അദ്ദേഹം സ്ഥീരികരിച്ചിട്ടില്ല. അമേരിക്ക ലോകത്തെ വന്‍ സൈനിക ശക്തിയാണെന്നും നാളെ രാവിലെ കൂടുതല്‍ പ്രതികരണങ്ങളറിയിക്കാമെന്നുമാണ് ട്രംപ് പറഞ്ഞത്.

ഇറാഖില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടന്നത് ഒരേ സമയമായിരുന്നു. ഇതിനെതിരേ അമേരിക്ക തിരിച്ചടിച്ചാല്‍ ഇറാഖിലെ 100 കേന്ദ്രങ്ങള്‍ കൂടി ഇറാന്‍ ലക്ഷ്യം വെച്ചിട്ടുണ്ടെന്നും ഇവിടെങ്ങളിലെല്ലാം ആക്രമണമുണ്ടാകുമെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍
റിപ്പോര്‍ട്ട് ചെയ്തു. 30 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഒന്നുപോലും അമേരിക്കക്ക് തടുക്കാനായിട്ടില്ലെന്നും ഇറാന്‍ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.