ഇത് അമേരിക്കയുടെ മുഖത്തേറ്റ പ്രഹരം; ആയത്തുല്ല അലി ഖമനേയി

ടെഹ്റാന്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ നടത്തിയ വ്യോമയാന ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ പ്രഹരമെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനേയി. അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടു പോവണമെന്നും അദ്ദേഹം കല്‍പിച്ചു. ഇറാഖിലെ ഐന്‍ അല്‍ അസദിലും എര്‍ബിലും നടത്തിയ സൈനിക ആക്രമണത്തിന് ശേഷമാണ് ഖമനേയി ഈ കാര്യം പറഞ്ഞത്. ഇറാഖിലെ അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങളിലുമായി 22 മിസൈലുകളാണ് വര്‍ഷിച്ചതെന്ന് ഇറാഖിലെ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

17 മിസൈലുകള്‍ ഐന്‍ അല്‍ അസദിലും അഞ്ചു മിസൈലുകള്‍ എര്‍ബിലിനേയുമാണ് ലക്ഷ്യം വെച്ചത്. മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഒന്നുപോലും അമേരിക്കക്ക് തടുക്കാനായിട്ടില്ലെന്നും ഇറാന്‍ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയത്.

ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇത് തികച്ചും പ്രതിരോധം മാത്രമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. അതേ സമയം ആക്രമണത്തിന് പിന്നാലെ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുകയാണ്.

ഓയില്‍ വില 3.5 ശതമാനം വര്‍ധിച്ചു എന്നാണ് വിവരം. കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യത്തെ ഭീകരസംഘടനയായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.  ഇറാനെ ലക്ഷ്യം വയ്ക്കുന്ന ഏത് കേന്ദ്രങ്ങളും തങ്ങള്‍ നശിപ്പിക്കുമെന്നും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കിയ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം സംസ്‌കരിച്ചു.