അക്രമികളെ കുറിച്ച് പോലീസിന് നേരത്തെ വിവരം നല്‍കിയിരുന്നുവെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍

ഡല്‍ഹി: ജെ.എന്‍.യു ആക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ അനാസ്ഥയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അക്രമികളെ കുറിച്ച് പോലീസിന് നേരത്തെ വിവരം നല്‍കിയിരുന്നതായി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ പറയുന്നു.

യൂണിയന്‍ പ്രസിഡ്ന്റ് ഐഷ ഗോഷ് വാട് ആപ് വഴി ക്യാംപസില്‍ ആയുധങ്ങളുമായി കുറച്ചു പേരെ കാണുന്നതായി വസന്ത കുഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍(എസ്.എച്ച്.ഒ) റിതുരാജിനേയും ഇന്‍സ്പെക്ടര്‍ സഞ്ജീവ് മണ്ഡാലിനെയും സ്പെഷല്‍ കമ്മീഷണര്‍ ആന്ദ് മോഹനേയും അറിയിച്ചിരുന്നു.

ആക്രമണം നടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് വാട്സ് ആപ് സന്ദേശം അയച്ചത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സര്‍ ആയുധങ്ങളും വടികളുമായി ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന് സമീപം തടിച്ചു കൂടിയ വിവരം താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.

കുട്ടികളെ അവര്‍ ഉപദ്രവിക്കുന്നുണ്ട്. ഈ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ ഇവിടെ നിന്ന് നീക്കണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അപേക്ഷിക്കുകയാണ്’- ഇതായിരുന്നു സന്ദേശം. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടായിരുന്നില്ല.