ഷെയ്ന്‍ വിഷയം; താര സംഘടന യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി താര സംഘടനയായ എഎംഎംഎയുടെ നേതൃയോഗം ഇന്ന് ചേരും. കഴിഞ്ഞ 22 ന് നടക്കേണ്ടിയിരുന്ന യോഗം പ്രസിഡന്റ് മോഹന്‍ലാല്‍ എത്താതിനെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്കായി ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍.

ഈ സാഹചര്യത്തില്‍, മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഷെയ്ന്‍ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് തീര്‍ക്കാന്‍ ഷെയ്നിന് നിര്‍മാതാക്കള്‍ നല്‍കിയ സമയ പരിധി ആറിന് അവസാനിച്ചിരുന്നു. എഎംഎംഎ യോഗത്തില്‍ തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു ഷെയ്ന്‍.