പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ കോളജില്‍ ആര്‍ത്തവ പരിശോധന; ക്രൂരമായി അപമാനിക്കപെട്ടത് 68 വിദ്യാര്‍ത്ഥിനികള്‍

ഗാന്ധി നഗര്‍: ഗുജറാത്തിലെ വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി ആര്‍ത്തവ പരിശോധന. ഗുജറാത്തിലെ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 68 പെണ്‍കുട്ടികളാണ് ക്രൂരമായി അപമാനിക്കപ്പെട്ടത്. പരിശോധനക്ക് നേതൃത്വം നല്‍കിയത് സ്ഥാപനത്തിലെ പ്രിന്‍സിപ്പലാണെന്നാതാണ് ഗുരുതരമായ ആരോപണം. ഇതിനെതിരേ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്.

അതേ സമയം വിഷയത്തില്‍ പ്രതികരിക്കാന്‍ കോളജ് അധികൃതര്‍ ഒരുക്കമായിട്ടില്ല. ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസും ഒരുക്കമായിട്ടില്ലെന്നുമാണ് അറിയുന്നത്. ആര്‍ത്തവമുള്ള ഏതോ പെണ്‍കുട്ടി അടുക്കളയില്‍ കയറി അശുദ്ധമാക്കിയെന്നാണ് ഇവര്‍ പറയുന്ന ന്യായം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതാരാണെന്നറിയാന്‍ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്.

68 വിദ്യാര്‍ത്ഥിനികളെയും പരിശോധനക്ക് ഹാജരാക്കി. നാടിനെ നടുക്കിയ സംഭവത്തില്‍ സ്ത്രീ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം രംഗത്തുവന്നു കഴിഞ്ഞു. പ്രിന്‍സിപ്പലിനെതിരേ പ്രതിഷേധം കടുത്തിട്ടുണ്ട്. കുറ്റക്കാരായ എല്ലാവരെയും സ്ഥാപനത്തില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.