ആധാറും തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഡല്‍ഹി: ആധാര്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന നിയമമന്ത്രാലയത്തിന്റെ യോഗത്തിലാണ് ആധാര്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ അന്തിമ തീരുമാനമെടുത്തത്. തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നല്‍കി ആധാര്‍ നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം.

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യുന്നത് തടയാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. നിയമം യാഥാര്‍ഥ്യം ആകുന്നതോടെ വ്യാജ വോട്ടര്‍മാരെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയും എന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി നിയമമന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി.

കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടന്‍ നല്‍കും. ആധാറും തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രം നേരത്തെ നീക്കം നടത്തിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് മറികടക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിയമ ഭേദഗതി നടത്തുന്നത്.