‘ നിരപരാധികളെ കരുവാക്കുന്നു’; മംഗളുരു വെടിവെപ്പില്‍ ഹൈക്കോടതി

മംഗളുരു: പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പ്രക്ഷോഭത്തിനിടെ നടന്ന വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. പോലീസ് അറസ്റ്റ് ചെയ്ത 21 പേര്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്. പോലീസിന്റെ വീഴ്ച്ചയും അതിക്രമവും മറച്ചുവെക്കാന്‍ നിരപരാധികളെ കേസില്‍ കുടുക്കിയെന്ന് കോടതി നിരീക്ഷിച്ചു.

മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തില്‍ സംഘര്‍ഷ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും പോലീസ് മുന്‍കരുതല്‍ സ്വീകരിച്ചില്ല. പോലീസ് അന്വേഷണം പക്ഷപാതപവും ദുരുദ്ദേശത്തോടെയുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഡിസംബര്‍ 19നാണ് മംഗളുരുവില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ആള്‍ക്കൂട്ടത്തിന് നേരെ പോലീസ് വെടിവയ്ക്കുന്നത്.

പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ വെടിയേറ്റ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഇതിന് ശേഷം, മേഖലയില്‍ മുഴുവന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ മംഗളുരു പോലീസ്, സ്ഥലത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായും 48 മണിക്കൂര്‍ നേരത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു