വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം; കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു 

കൊല്ലം: കുളത്തൂപ്പുഴയില്‍ വഴിയരികിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തില്‍ എൻ.ഐ.എ സംഘം കുളത്തുപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തും. അതേസമയം സംഭവത്തിൽ കേരള ക്രൈംബ്രാഞ്ച് സംഘത്തിനറെയും മിലിട്ടറി ഇന്റലിജൻസിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്. വെടിയുണ്ടകള്‍ കണ്ടെത്തിയ കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപം പൊലീസ് മെറ്റല്‍ ഡിക്റ്റക്ടറിന്റെ സഹായത്തോടെ തുടർ പരിശോധന നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കേസ് തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ അറിയിച്ചു.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഴിഞ്ഞ ദിവസം 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. പൊലീസിന്റെ ആര്‍മറര്‍, ഫോറന്‍സിക് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇവ പാകിസ്താനില്‍ നിര്‍മിച്ചതാണെന്ന സംശയം ഉയര്‍ന്നു. പാകിസ്താന്‍ സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വെടിയുണ്ടകളില്‍ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പി.ഒ.എഫ് പാകിസ്ഥാൻ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ ചുരുക്കപ്പേരാണെന്നാണ് നിഗമനം.

1981,1982 എന്നീ വര്‍ഷങ്ങളില്‍ നിര്‍മിച്ചവയാണ് ഈ വെടിയുണ്ടകളെന്നും പ്രാഥമിക പരിശോധനയില്‍ പോലീസ് സംശയിക്കുന്നു. 7.62 എം.എം വലിപ്പമുള്ള വെടിയുണ്ടകള്‍ ദീര്‍ഘദൂര പ്രഹര ശേഷിയുള്ള ആയുധങ്ങളിലാണ് സാധാരണ ഉപയോഗിക്കുന്നത്. ലൈറ്റ് മെഷിന്‍ ഗണ്‍, എ.കെ 47 തുടങ്ങിയ തോക്കുകളിലും ഈ വെടിയുണ്ടകള്‍ ഉപയോഗിക്കുന്നുണ്ട്.