അധോലോക നായകന്‍ രവി പൂജാരി അറസ്റ്റില്‍; ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

ഡല്‍ഹി: നടി ലീന മരിയ പോള്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് ഉള്‍പ്പടെ ഇരുനൂറോളം കേസുകളില്‍ പ്രതിയായ രവി പൂജാരി ആഫ്രിക്കയിലെ സെനഗലില്‍ അറസ്റ്റിലായി. ബുര്‍ഖാനോ ഫാസോയുടെ പാസ്പോര്‍ട്ടില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സെനഗലില്‍ കഴിയുകയായിരുന്നു രവി പൂജാരി. കൊച്ചിയിൽ നടി ലീന മരിയ പോള്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവെപ്പ് കേസിലെ മുഖ്യ പ്രതിയാണ് രവി പൂജാരി. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്‍റെ ഭാഗമായാണ് വെടിവെപ്പ് നടന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മുമ്പ് രവിയുടെ ജാമ്യാപേക്ഷ സെനഗല്‍ സുപ്രിം കോടതി തള്ളിയിരുന്നു. റോയുടെയും കര്‍ണാടക പൊലീസിന്‍റെയും ഉദ്യോഗസ്ഥര്‍ സെനഗലിലെത്തിയിട്ടുണ്ട്. രവി പൂജാരിയെ രണ്ട് ദിവസത്തിനകം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ് കേന്ദ്ര ആഭ്യന്തര വകുപ്പും കര്‍ണാടക പൊലീസും.

ഇന്ത്യയിലെത്തിക്കുന്ന പ്രതിയെ നേരെ മംഗളൂരുവിലേക്ക് കൊണ്ടുപോകും. കര്‍ണാടകയില്‍ രവി പൂജാരിയുടെ പേരില്‍ നൂറിലധികം കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഒരു തട്ടിപ്പ് കേസില്‍ പ്രതിയായി സെനഗലില്‍ വച്ച് അറസ്റ്റിലായ രവി ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലാണ് രവി പൂജാരി സെനഗല്‍ പൊലീസിന്‍റെ പിടിയിലായത്.