ഇസ്‌റായേലിനെ അംഗീകരിച്ച് സുഡാനും; പ്രഖ്യാപനവുമായി ട്രംപ്

യു.എ.ഇ-ക്കും ബഹ്‌റിനും പിന്നാലെ മറ്റൊരു അറബ് രാഷ്ട്രമായ സുഡാനും ഇസ്രായിലിനെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേലുമായി ശത്രുതയിലായിരുന്ന രാജ്യം എന്ന നിലയില്‍ സുഡാന്റെ തീരുമാനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതായി വൈറ്റ് ഹൗസ് വെളിപ്പെടുത്തി. പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്താലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. ആസന്നമായ അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുമ്പായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ നിര്‍ണായക ചുവടുവയ്പാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. നീണ്ടകാലം ശത്രുതയിലായിരുന്ന ഇസ്രായേലും സുഡാനും തമ്മിലുളള പുതിയ സഹകരണ നീക്കം അറബ് മേഖലക്ക് ഊര്‍ജം പകരുന്നതാണെന്നാണ് യു.എ.ഇ അടക്കമുള്ള രാജ്യങ്ങളുടെ വിലയിരുത്തല്‍. യു.എ.ഇ, ബഹ്രിന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഇസ്രയേലിനെ അംഗീകരിക്കുന്നതായി സുഡാനും സമ്മതം അറിയിച്ചതായി കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ യുഎഇയും ബഹ്റൈനും കഴിഞ്ഞ മാസം വൈറ്റ് ഹൗസില്‍ ഒരു കരാറില്‍ ഒപ്പുവെച്ചിരുന്നുവെങ്കിലും ഇസ്രയേലുമായി ശത്രുതയില്‍ ആയിരുന്ന ഒരു അറബ് രാഷ്ട്രമെന്ന നിലയില്‍ സുഡാന്റെ തീരുമാനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഭീകരവാദത്തിന്റെ സ്പോണ്‍സര്‍ എന്ന രാജ്യത്തിന്റെ ദുഷ്‌പേര് ഔദ്യോഗികമായി അവസാനിപ്പിക്കുക എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സുഡാന്‍ നിര്‍ണായക തീരുമാനം അറിയിച്ചത്. കരിമ്പട്ടികയില്‍ നിന്ന് കരകയറാനുള്ള കരാറിന്റെ ഭാഗമായി യുഎസ് വിരുദ്ധ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനായി സുഡാന്‍ സര്‍ക്കാര്‍ 335 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു. ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാന്‍ സുഡാനും ഇസ്രായേലും പരസ്പരം സമ്മതിച്ചതായി അമേരിക്ക വെളിപ്പെടുത്തി. അതേസമയം അറബ് മേഖലയിലെ പുതിയ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യു..െഇ വ്യക്തമാക്കി. നടപടി സമാധാനവും പ്രാദേശിക അന്തര്‍ദേശീയ സഹകരണത്തിലും നല്ല സ്വാധീനം ചെലുത്തുമെന്ന് യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ സുരക്ഷയും സമൃദ്ധിയും ഉയര്‍ത്തുന്നതിനുള്ള സുപ്രധാന നടപടിയാണ് സുഡാന്റെ തീരുമാനമെന്നും യു.എ.ഇ അഭിപ്രായപ്പെട്ടു.