2022 ലോകകപ്പ്; ആരാധകരുടെ സാന്നിധ്യത്തില്‍ നടത്തുമെന്ന് ഫിഫ

ദോഹ: ലോക കായിക പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പില്‍ കോവിഡ് സ്ഥിതി വിശേഷം ബാധകമാകില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. 2022-ല്‍ ഖത്തറില്‍ അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആരാധകരുടെ സാന്നിധ്യത്തില്‍ തന്നെ നടത്തുമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുന്നതായും ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കി. നിലവില്‍ കോവിഡ് വെല്ലുവിളിയുണ്ടെങ്കിലും ലോകകപ്പ് സമയം സാഹചര്യങ്ങള്‍ക്ക് അറുതി വരുമെന്നും ഫുട്ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് മത്സരങ്ങള്‍ നേരില്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ആഴ്ചയാണ് ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ അല്‍ഖോറിലെ അല്‍ ബെയ്തില്‍ ഇന്‍ഫാന്റിനോ സന്ദര്‍ശനം നടത്തിയത്. എക്കാലത്തേയും മികച്ച ലോകകപ്പിനാണ് അല്‍ബെയ്തില്‍ കിക്കോഫിനായി കാത്തിരിക്കുന്നത്. ഖത്തറിന്റെ ലോകകപ്പ് തയാറെടുപ്പുകളില്‍ പൂര്‍ണ തൃപ്തനാണെന്നും ഫിഫ പ്രസിഡന്റ പറഞ്ഞു്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഫിഫ ലോകകപ്പ് സംഘടിപ്പിക്കുന്നത്.