വിസ്മയ കാഴ്ചകളുമായി ഗ്ലോബല്‍ വില്ലേജിന് തുടക്കം

ദുബായ്:  നൂറുകണക്കിന് ദേശങ്ങളുടെയും ഭാഷയുടെയും സംഗമഭൂമിയായി മാറിയ ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ വാതിലുകള്‍ നാളെയാണ് ലോകത്തിനു മുന്നിലേക്ക് തുറന്നു വയ്ക്കുന്നത്. ഈ മഹാമാരിക്കാലത്തും 75 ലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിച്ചാണ് ആഗോളഗ്രാമം ലോകത്തിനു മുമ്പാകെ സമര്‍പ്പിക്കുന്നത്. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് സന്ദര്‍ശകരുടെ കാഴ്ചാനുഭവങ്ങക്ക് കുറവുണ്ടാക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സജ്ജമാക്കിയതായി ഗ്ലോബല്‍ വില്ലേജ് സി.ഇ.ഒ ബദര്‍ അന്‍വാഹി പറഞ്ഞു. സുരക്ഷാ മാനേജ്‌മെന്റ് മികവിനായി ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ ‘വാള്‍ ഓഫ് ഓണര്‍’ അംഗീകാരം നേടിയ ലോകത്തിലെ ആദ്യത്തെ തീം പാര്‍ക്ക് എന്ന അപൂര്‍വ ബഹുമതി പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ‘ടുഗതര്‍ വി ലൈറ്റ് അപ് ദ സ്‌കൈ’ എന്ന് തുടങ്ങുന്ന ഈ വര്‍ഷത്തെ ഔദ്യോഗിക സിഗ്‌നേച്ചര്‍ ഗാനവും കഴിഞ്ഞ ദിവസം പുറത്തിറക്കി.

രണ്ടര പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ഗ്ലോബല്‍ വില്ലേജിന്റെ സില്‍വര്‍ ജൂബിലി സീസണ്‍ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 26 രാജ്യങ്ങളുടെയും മൂന്ന് ഭൂഖണ്ഡങ്ങളുടെയും പവലിയനുകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവക്ക് പുറമെ ഖലീഫ ഫൗണ്ടേഷന്‍, അല്‍ സന എന്നിവരുടെ പവലിയനും ശ്രദ്ദേയ സാനിധ്യമാകും. കൊറിയയും വിയറ്റ്‌നാമും ആദ്യമായാണ് വില്ലേജിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ സീസണിലേതിന് സമാനമായി 15 ദിര്‍ഹമാണ് ഇത്തവണയും ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സില്‍ താഴെയുള്ളവര്‍ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും നിശ്ചയദാര്‍ഢ്യക്കാര്‍ക്കും വില്ലേജിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഞായര്‍ മുതല്‍ ബുധന്‍ വരെ വൈകീട്ട് നാല് മുതല്‍ രാത്രി 12 വരെയാണ് പ്രവേശനം. വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും പുലര്‍ച്ച ഒന്നുവരെ പ്രവര്‍ത്തിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ രാത്രി 11 വരെയാണ് വില്ലേജ് തുറന്നിരിക്കുക. തിങ്കളാഴ്ച കുടുംബാംഗങ്ങള്‍ക്കും വനിതകള്‍ക്കും മാത്രമാണ് പ്രവേശനം. വിനോദ സഞ്ചാരത്തിന്റെ മറുവാക്കായി മാറിയ ഗ്ലോബല്‍ വില്ലേജ് 2021 ഏപ്രില്‍ 18 വരെ ലോകത്തിനു മുമ്പായി തുറന്നു വയ്ക്കും.