‘ഇ ഡി ഉദ്യോഗസ്ഥർ കോമാളികൾ’ ; ‘നേതൃത്വം കൊടുക്കുന്നത് കേന്ദ്രധനമന്ത്രി’

തിരുവനന്തപുരം:കിഫ്‌ബിയിൽ ഗുരുതര ആരോപണവുമായി മന്ത്രി തോമസ് ഐസക്. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനും എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് തോമസ് ഐസക്കിന്റെ ആരോപണം. കിഫ്‌ബി എന്താണെന്ന് പോലും എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് അറിയില്ല. അവർ ഒരുതരം കോമാളികളാണ്. ഒരാളുടെയും ഡെപ്പോസിറ്റ് കിഫ്‌ബി സ്വീകരിക്കുന്നില്ല. പകരം പലരൂപത്തിൽ വായ‌്പാ വിഭവങ്ങൾ സമാഹരിച്ച് കേരളത്തിന്റെ പശ്ചാത്തല വികസനത്തിനായി നിക്ഷേപം നടത്തുന്ന സ്ഥാപനമാണെന്ന് തോമസ് ഐസക് പറഞ്ഞു.

അന്വേഷണത്തിന് കേന്ദ്രസർക്കാർ ഇറക്കിയ എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥൻ രാജസ്ഥാനിലെ ബിജെപി നേതാവിന്റെ മകനാണെന്നും  ബിജെപിക്ക് വേണ്ടി രാഷ്‌ട്രീയ ലക്ഷ്യത്തിനായി പല സംസ്ഥനങ്ങളിലും റെയ‌്ഡ് നടത്തുന്നതാണ് ഇയാളുടെ ട്രാക്ക് റെക്കോർഡെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ  തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ രാഷ്‌ട്രീയലക്ഷ്യത്തിനു വേണ്ടി ഈ തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കുകയാണെന്നാണ് ഐസക്കിന്റെ ആരോപണം.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ നഗ്‌നമായ ലംഘനത്തിന് കേന്ദ്രമന്ത്രി നേതൃത്വം കൊടുക്കുകയാണ്. സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥരോട് വിവരങ്ങൾ ആരായാം, പക്ഷേ ഭീഷണിപ്പെടുത്താനാണ് ഉദ്ദേശ്യമെങ്കിൽ വടക്കേ ഇന്ത്യയിലെ കോൺഗ്രസ് നേതാക്കളല്ല ഇവിടുള്ളതെന്ന് മനസിലാക്കുക. ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർക്കാരിനറിയാം. ഇവിടെ പൊലീസുണ്ട്, കേരളവുമായി ഏറ്റുമുട്ടാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെങ്കിൽ പേടിച്ചു പിന്മാറാൻ പോകുന്നില്ലെന്നും ഐസക് വ്യക്തമാക്കി.