റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞു

NRI DESK : മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍ സ്ഥാനം രാജി വെച്ചു. ഇന്നലെ ആരംഭിച്ച ചതുർദിന പാർട്ടി കോൺഗ്രസിലാണ് 89 കാരനായ റൗൾ ചരിത്ര പ്രഖ്യാപനം നടത്തിയത്. ക്യൂബന്‍ വിപ്ലവത്തോടെ ഫിദല്‍ കാസ്‌ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ കാസ്‌ട്രോ യുഗത്തിനാണ് സഹോദരന്‍ റൗള്‍ കാസ്ട്രോയുടെ രാജിയോടെ അവസാനമാകുന്നത്.

തന്റെ ദൗത്യം പൂർത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്റെ ഭാവി തലമുറയിൽ ആത്മവിശ്വാസമുണ്ടെന്നും വിടവാങ്ങൽ പ്രസംഗത്തിൽ റൗൾ കാസ്ട്രോ പറഞ്ഞു. ക്യൂബന്‍ പ്രസിഡന്റായ മിഖായേല്‍ ഡിയാസ് കെനലിന് റൗള്‍ പ്രസിഡന്റ് സ്ഥാനം കൈമാറി. 1959 മുതല്‍ 2006വരെ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍. ഫിഡലിന്റെ പിന്‍ഗാമിയായാണ് റൗള്‍ ഈ സ്ഥാനം ഏറ്റെടുത്തത്. ആ സ്ഥാനം ഒഴിഞ്ഞതോടെ ആറുപതിറ്റാണ്ട് നീണ്ട കാസ്‌ട്രോ കുടുംബത്തിന്റെ ഭരണത്തിന് ക്യൂബയിൽ പരിസമാപ്തിയായി.