കൊവിഡ് വ്യാപനത്തിൽ കേരളത്തിൽ വലിയ വർദ്ധന; നിബന്ധനകൾ പാലിച്ചാൽ വലിയ കുഴപ്പങ്ങളുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി

NRI DESK : കൊവിഡ് വ്യാപനത്തിൽ കേരളത്തിൽ വലിയ വർദ്ധനയാണ് ഉണ്ടായിരുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു. തെരഞ്ഞെടുപ്പിന് ശേഷമാണ് സംസ്‌ഥാനത് കൊവിഡ് കേസിൽ ഇത്രയും വർധനയുണ്ടായത്. അതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവരെയെല്ലാം കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തേക്ക് കൂടുതൽ കൊവിഡ് വാക്‌സിൻ ആവശ്യമാണ്. കേരളത്തിൽ പതിനൊന്ന് ശതമാനം പേർക്ക് മാത്രമാണ് കൊവിഡ് വന്നത്. എന്നാൽ തരംഗമുണ്ടായാൽ ബാക്കിയുളളവർക്കും വരും. ഇത് ചെറുക്കാനായി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിലേക്കും മാസ്സ് വാക്‌സിനേഷനിലേക്കും കടക്കുകയാണ്. ഇനി അഞ്ച് ലക്ഷത്തോളം വാക്‌സിൻ മാത്രമാണ് ബാക്കിയുളളത്. അടിയന്തരമായി അമ്പത് ലക്ഷം വാ‌ക്‌സിൻ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടണം. എന്നാൽ മാത്രമേ മാസ് വാക്‌സിനേഷൻ ക്യാമ്പയിൻ വിജയിക്കുകയുളളൂവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊവിഷീൽഡും കൊവാക്‌സിനും തുല്യമായി നൽകണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വലിയ തോതിൽ കേസുകൾ വർദ്ധിച്ചാൽ ഓക്‌സിജൻ ക്ഷാമം സംസ്ഥാനത്തുണ്ടാകും. മരുന്ന് ക്ഷാമമില്ലാതെ നോക്കേണ്ടത് കേന്ദ്രസർക്കാരാണ്. എല്ലാവരുടേയും സഹകരണം കൊവിഡ് പ്രതിരോധത്തിൽ ആവശ്യമാണ്. ഒറ്റകെട്ടായി പ്രവർത്തിച്ചാൽ കൊവിഡ് കേസുകൾ ഉയരുന്നത് താഴേയ്‌ക്ക് കൊണ്ടുവരാനാകു എന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകളുടെ വർദ്ധനവ് കുറയ്‌ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ പറഞ്ഞ നിബന്ധന ജനങ്ങൾ പാലിച്ചാൽ വലിയ കുഴപ്പങ്ങളുണ്ടാകില്ലന്നും മന്ത്രി വ്യക്തമാക്കി.