തൃശൂര്‍ പൂരം; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം

NRI DESK : പാപ്പാന്‍മാര്‍ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്ന് വനംവകുപ്പ്. ആനകളുടെ ഫിറ്റ്‌നസ് പരിശോധനയും ഉറപ്പാക്കും. ആനകളെ പരിശോധിക്കാന്‍ നാല്‍പത് അംഗ സംഘത്തെ നിയോഗിച്ചു.

ആനകളുടെ പാപ്പാന്‍മാര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും രോഗബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. പാപ്പാന്മാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ ആനകള്‍ക്ക് അനുമതി നിഷേധിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. ഒരു ആനയ്ക്ക് ചുരുങ്ങിയത് മൂന്ന് പാപ്പാന്‍മാരെങ്കിലും ഉണ്ടാകും. മൂന്ന് പാപ്പാന്‍മാരും കോവിഡ് നെഗറ്റീവ് ആയിരിക്കണം ആരെങ്കിലും ഒരാള്‍ പോസിറ്റീവ് ആയാല്‍ ആനയെ പൂരത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ല.

വനംവകുപ്പിന്റെ നിബന്ധനയനുസരിച്ച് എല്ലാ പാപ്പാന്മാരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും.തൊണ്ണൂറോളം ആനകളാണ് പൂരത്തിൽ പങ്കെടുക്കുന്നത് , തൊണ്ണൂറോളംആനകൾക്ക് മുന്നൂറിന് അടുത്ത് പാപ്പാന്‍മാരുണ്ടാകും ഏല്ലാവർക്കും ഇത് ബാധകമാകും. പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ ആരോഗ്യനില പരിശോധിക്കുന്നതിന് നാല്‍പത് അംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട് തലേദിവസം രാവിലെ 8 മണി തൊട്ട് 6 മണി വരെയായിരിക്കും പരിശോധന.

അതേസമയം പൂരം കൊടിയേറി. പൂരത്തിന്റെ പ്രധാന സാരഥികളായ തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15നും 12നും മധ്യേയും പാറമേക്കാവില്‍ 12.05നുമാണ് കൊടിയേറ്റം നടന്നത്.