രണ്ടുപേര്‍ക്ക് കോവിഡ്; ജി-7 യോഗത്തില്‍ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ സംഘം സ്വയംനിരീക്ഷണത്തില്‍

NRI DESK : ലണ്ടനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ സംഘത്തിൽ രണ്ടുപേർക്ക് കോവിഡ്. ഇതിനു പിന്നാലെ ഇന്ത്യന്‍ സംഘത്തിലെ മുഴുവന്‍ അംഗങ്ങളും സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചു. ബ്രിട്ടീഷ് സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, വൈറസ് സ്ഥിരീകരിച്ചവരിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇല്ലെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേലുമായി കഴിഞ്ഞ ദിവസം ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് വാർത്തയെ കുറിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതികരിച്ചിട്ടില്ല.

ശക്തമായ കോവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് ഉച്ചകോടി നടക്കുന്നത്. മുഴുവൻ പ്രതിനിധികളെയും ദിവസവും ടെസ്റ്റ് നടത്തി കോവിഡില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിക്കുക.സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍സംഘം വെര്‍ച്വല്‍ ആയാണ് യോഗത്തില്‍ പങ്കെടുക്കുക.കോവിഡ് സംശയിക്കുന്ന ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാല്‍ തന്റെ കാര്യപരിപാടികള്‍ ഓണ്‍ലൈന്‍ മുഖാന്തരം നടത്താന്‍ തീരുമാനിച്ചതായി ജയശങ്കര്‍ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.

ജി7 അംഗമല്ലെങ്കിൽ ഈ വർഷത്തെ അതിഥിയായാണ് ഇന്ത്യയ്ക്ക് ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും അതിഥി രാജ്യങ്ങളായി പങ്കെടുക്കുന്നുണ്ട്.