കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളില്‍ ഒരു കോവിഡ് കേസു പോലുമില്ല; കേന്ദ്ര ആരോഗ്യ മന്ത്രി

NRI DESK : രാജ്യത്തെ 180 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. രാജ്യത്തെ 18 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനിടെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും 21 ദിവസത്തിനിടെ രാജ്യത്തെ 54 ജില്ലകളില്‍ പുതിയ കൊവിഡ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പറയുന്നു.

അതേസമയം, രാജ്യത്തെ രോഗബാധ ശമനമില്ലാതെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,078 പുതിയ പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 2.8കോടി പേരാണ്‌ രോഗം മൂലം ചികിത്സയിലിരിക്കുന്നത്. ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി 4187 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.38 ലക്ഷം ആയി. 22.7ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലേറെപ്പേരും, ഏഴ് സംസ്ഥാനങ്ങളിൽ അര ലക്ഷത്തിലേറെപ്പേരും ചികിത്സയിലുണ്ട്. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്.രാജ്യം കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ തയാറെടുക്കുമ്പോൾ കേരളമടക്കം നിരവധി സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാട്, ദില്ലി, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. മറ്റ് സംസ്ഥാനങ്ങളിൽ ഭാഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.