കൊവിഡ് പ്രതിരോധത്തെക്കാൾ മോദി ശ്രദ്ധ കൊടുത്തത് വിമർശനങ്ങൾ ഇല്ലാതാക്കാൻ; വിമർശിച്ച് വിദേശ മെഡിക്കൽ ജേണൽ ‘ദ ലാൻസെറ്റ്’

NRI DESK : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ ‘ദ ലാൻസെറ്റ്’. കോവിഡിനെ പിടിച്ചുകെട്ടുന്നതിനെക്കാളും മോദി സർക്കാരിന് ശ്രദ്ധ ട്വിറ്ററിൽ തങ്ങൾക്കെതിരായ വിമർശനങ്ങൾ നീക്കം ചെയ്യുന്നതിലാണെന്ന് ജേണൽ വിമർശിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ ഉദ്ധരിച്ചുകൊണ്ടുള്ള എഡിറ്റോറിയലിലാണ് രൂക്ഷ വിമര്‍ശം.

തുറന്ന സംവാദങ്ങളും വിമര്‍ശനങ്ങളും അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തി. കൊവിഡിന്റെ സൂപ്പർ സ്‌പ്രെഡ് ഉണ്ടാകുമെന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിച്ചതെന്നും ലാൻസെറ്റ് പറയുന്നു. ‘മോദി ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കി. രാജ്യത്തൊട്ടാകെയുള്ള ലക്ഷണക്കണക്കിന് ജനങ്ങളെ ക്ഷണിച്ചു കൊണ്ട് രാഷ്ട്രീയ റാലികള്‍ നടത്തി’.ഇത്തരത്തില്‍ മഹാദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച നിസ്സംഗതയെയും ആരോഗ്യസംവിധാനത്തിന്റെ പരാജയത്തെയും ലാന്‍സെറ്റ് എടുത്തു കാട്ടുന്നു.

ഇന്ത്യയുടെ വാക്‌സിനേഷൻ നയത്തിൽ സംസ്ഥാനങ്ങളോട് ആലോചിക്കാതെ മാറ്റം വരുത്തിയത് സംസ്ഥാന തലത്തിലെ വാക്‌സിനേഷൻ പദ്ധതികളെ പ്രതിസന്ധിയിലാക്കി.ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അനാവശ്യമായ മത്സരം വിപണിയിലുണ്ടാക്കിയെന്നും ലാന്‍സറ്റ് പറയുന്നു. വാക്സിനേഷന്‍ എത്രയും വേഗത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കണമെന്നും കൃത്യമായ വിവരങ്ങൾ പങ്കുവെക്കാൻ സർക്കാർ തയ്യാറാകണമെന്നും ലാൻസെറ്റ് ആവശ്യപ്പെട്ടു.അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ആധികാരിക മെഡിക്കൽ ജേണലുകളിലൊന്നാണ് ബ്രിട്ടനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ലാൻസെറ്റ്‌.