രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡ‍ിയത്തിൽ; ഈ മാസം 20ന്

NRI DESK : പുതിയ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം. മെയ് 20ന് വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല. ചടങ്ങില്‍ പരമാവധി 200 പേര്‍ക്കാണ് പ്രവേശനം.

ഇത്തവണ സത്യപ്രതിജ്ഞ രാജ്ഭവനില്‍ വച്ച് നടത്താന്‍ ആദ്യം നിര്‍ദേശമുണ്ടായിരുന്നു എന്നാൽ അതാണിപ്പോൾ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയിരിക്കുന്നത്. പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഒറ്റഘട്ടമായി ആയിരിക്കും നടത്തുന്നത്. 20ന് മുന്‍പ് ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കും. ഇടത് മുന്നണി യോഗത്തില്‍ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും.

ആകെ 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് ജയിച്ചുകയറിയത്. സ്വാതന്ത്രരടക്കം 67 പേർ സിപിഎമ്മിനുണ്ട്. 17 പേരാണ് സിപിഐയിൽ നിന്ന് ജയിച്ചത്. കേരള കോൺഗ്രസ് എമ്മിൽ നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നീ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്. മന്ത്രിസഭ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്. സിപിഎമ്മിൽ തന്നെ ആരൊക്കെ മന്ത്രിമാരാകുമെന്നതിലും എൽഡിഎഫിലെ ഏതൊക്കെ ചെറുകക്ഷികൾക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നതിലും ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല. 20ാം തിയതി മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറുമെന്നുമാണ് പുറത്തുവരുന്ന വിവരം.