റഷ്യയിലെ ഒരു സ്കൂളിൽ വെടിവെയ്പ്പ്: 11 പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

മോസ്കോ:  റഷ്യയിലെ ഒരു സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ കൂടുതലും കുട്ടികളാണെന്നാണ് പ്രഥമിക വിവരം. അക്രമവാർത്ത റഷ്യയുടെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കസാൻ നഗരത്തിലെ ഒരു സ്കൂളിലാണ് വെടിവെയ്പ്പ് ഉണ്ടായതെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. കസാനിലെ 175ാം നമ്പർ സ്കൂളിൽ വെടിവെപ്പ് ഉണ്ടായതായി ടാറ്റർസ്ഥാൻ പോലീസിന് വിവരം ലഭിച്ചെന്നും പ്രാഥമിക വിവരങ്ങൾ അനുസരിച്ച് നിരവധിപ്പേർക്ക് പരിക്കേൽക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തത്. സിഎൻബിസി റിപ്പോർട്ട് പ്രകാരം 11 പേർക്കാണ് അക്രമത്തിൽ ജീവൻ നഷ്ടമായത്. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽനിന്ന് 725 കിലോമീറ്റർ അകലെയാണ് കസാൻ.

അക്രമികളിലൊരാളെ പിടികൂടിയെന്നാണ് റിപ്പോർട്ട്. ഒരാൾ മാത്രമാണ് നിറയൊഴിച്ചതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം രണ്ട് പേർ ചേർന്നാണ് അക്രമം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. അക്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പിടിയിലായ അക്രമിക്ക് 19 വയസ് മാത്രമേ പ്രായമുള്ളൂവെന്നാണ് റിപ്പോർട്ട്. ആദ്യം പുറത്തുവന്ന വാർത്തകളനുസരിച്ച് 9 മരണം മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എട്ട് കുട്ടികളും ഒരു അധ്യാപകനും ഉൾപ്പെടെയായിരുന്നു ഇത്. പിന്നീടാണ് മരണസംഖ്യ 11 ആയി ഉയർന്നത്. റഷ്യയിൽ സ്കൂളുകളിൽ അക്രമങ്ങൾ ഉണ്ടാകുന്നത് കുറവാണ്. 2018ലാണ് ഇതിനുമുമ്പ് സമാനമായ അക്രമം രാജ്യത്ത് നടന്നത്. അന്ന് ഒരു കോളേജ് വിദ്യാർഥി 19 പേരെ കൊന്ന ശേഷം സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.