മാടമ്പ് കുഞ്ഞുക്കുട്ടന് വിട; സംസ്കാരം പൂര്‍ണ്ണ ഔദ്യോ​ഗിക ബഹുമതികളോടെ നടന്നു

NRI DESK : അന്തരിച്ച പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ സംസ്കാരം സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ വേലൂർ കിരാലൂരിലെ വീട്ടിൽ നടന്നു. കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിിയല്‍ ചികിത്സയിലായിരുന്ന മാടമ്പിന്‍റെ നില തിങ്കളാഴ്ച വൈകിട്ടോടെയാണ് വഷളായത്. അ‍ർബുദരോഗത്തിനും‍ ചികിത്സയിലായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി തൃശൂർ ആർഡിഒ കൃപകുമാർ റീത്ത് സമർപ്പിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് വേണ്ടി കുന്നംകുളം താലൂക്ക് തഹസിൽദാർ ബെന്നി മാത്യുവും ജില്ലാ കലക്ടർ എസ് ഷാനവാസിന് വേണ്ടി തൃശൂർ തഹസിൽദാർ സുധീറും റീത്ത് സമർപ്പിച്ചു.

മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി 1941 ജൂണ്‍ 23 ന് തൃശ്ശൂര്‍ കിരാലൂരിലാണ് ജനിച്ചത്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആകാശവാണിയിലും ജോലിനോക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മഹാപ്രസ്ഥാനം, സ്മാർത്തവിചാരത്തിന്റെ പശ്ചാത്തലത്തിലെ ഭ്രഷ്ട് എന്നിവയുൾപ്പെടെ നിരവധി നോവലുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ശാന്തം, കരുണം, പരിണാമം, ദേശാടനം, മകൾക്ക് തുടങ്ങിയ സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതി. 2000-ല്‍ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ഇതിനു പുറമെ വടക്കുംനാഥന്‍, പോത്തന്‍വാവ, അഗ്നിനക്ഷത്രം, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് എന്നിവ അടക്കം ഇരുപതോളം ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

എഴുത്തിനും സിനിമക്കും പുറമെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കാൻ അദ്ദേഹം ശ്രെമം നടത്തി. 2001 ൽ ബി.ജെ.പി. സ്‌ഥാനാർത്തിയായി കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സാഹിത്യത്തിൽ നിന്നും സിനിമയിൽ നിന്നും രാഷ്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെയ് ചുവടുമാറ്റവും ഏറെ ചർച്ചയായിരുന്നു.