മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവില്‍ മനം നിറഞ്ഞ് ഇന്ന് സ്നേഹപ്പെരുന്നാള്‍; കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ വീട്ടിലിരുന്ന്

ഇസ്‍ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവില്‍ എത്തുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങള്‍ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളിലാണ്.

കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ ലോക്ഡൌണ്‍ സമയത്താണ് ഇത്തവണയും ഈദുല്‍ ഫിത്വര്‍. ഈദ് ഗാഹുകളിലും മസ്ജിദുകളിലും നിസ്ക്കാരം ഇല്ലാത്തതിനാല്‍ വീട്ടിലിരുന്നാണ് പ്രാര്‍ത്ഥനകള്‍. കൂട്ടുകാരുടേയും ബന്ധുക്കളുടെയുമെക്കെ വീടുകള്‍ സന്ദര്‍ശിച്ച് സ്നേഹം പുതുക്കുന്ന ഒത്തുചേരലുകളെല്ലാം ഓര്‍മകളാകും. വിശ്വാസികൾക്ക് മുഖ്യമന്ത്രി പെരുന്നാൾ ആശംസകൾ നേർന്നു.

ലോക ജനത കൊവിഡ് കാരണം ദുഖത്തിലാണെന്നും സൗഹാർദ്ദവും സ്നേഹവും കാത്തുസൂക്ഷിക്കണമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രിമുത്തുക്കോയ തങ്ങൾ പറഞ്ഞു. ശാന്തിയുടെ സന്ദേശം പ്രചരിപ്പിക്കാനുള്ള അവസരമായി ഈദ് ആഘോഷത്തെ കാണണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിൽ ബന്ധുവീടുകളിലെ സന്ദർശനവും മറ്റും ഒഴിവാക്കണമെന്നും പരമാവധി കരുതൽ വേണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

മൈലാഞ്ചി ഇടുന്നതും പുതുവസ്ത്രം ധരിക്കുന്നതും ചെറിയ പെരുന്നാളിന്‍റെ പ്രത്യേകതയാണെങ്കിലും കോവിഡും ലോക്ഡൌണും കാരണം എല്ലാം ഇത്തവണയും സ്വന്തം വീടുകളിൽ മാത്രമാണ്. എല്ലാ ആഘോഷങ്ങളും വലുതുതന്നെയാണ്. പക്ഷേ, വീട്ടിലാകട്ടെയെന്ന് ഖാസിമാർ പറയുമ്പോൾ, വിശ്വാസികൾക്കും അത് പൂർണ്ണ സമ്മതമാണ്.

എൻ.ആർ.ഐ ന്യൂസിന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.