കോവിഡ് ഒന്നാം തരംഗം കഴിഞ്ഞതോടെ സര്‍ക്കാരും ജനങ്ങളും അശ്രദ്ധകാട്ടി; ആർഎസ്എസ് അധ്യക്ഷന്‍

കേന്ദ്രസർക്കാർ കൊവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം കാട്ടിയ അലംഭാവം വിനയായെന്ന വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഒന്നാം തരംഗത്തിനുശേഷം നമുക്കെല്ലാം അശ്രദ്ധയുണ്ടായി ജനങ്ങള്‍, സര്‍ക്കാരുകള്‍, ഭരണകൂടങ്ങള്‍ എന്നിവയെല്ലാം അശ്രദ്ധ പ്രകടമാക്കി. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും അലംഭാവം കാണിച്ചെന്നും അതിനാലാണ് രാജ്യം ഇപ്പോൾ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം തരംഗം വരുന്നുവെന്നാണ് അപ്പോള്‍ പറയുന്നത്. അതുകേട്ട് നമ്മള്‍ ഭയന്നിരിക്കണോ? അതോ ശരിയായ സമീപനം സ്വീകരിച്ച് കോവിഡിനെ പൊരുതി തോല്‍പ്പിക്കണോ?നിലവിലെ സാഹചര്യത്തിൽ യുക്തിയില്ലാത്ത പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണം. ഇപ്പോൾ മൂന്നാം തരംഗത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സ്വയം ഭയപ്പെടേണ്ടതില്ലെന്നും, സ്വയം തയ്യാറെടുക്കുകയാണ് വേണ്ടതെന്നും മോഹൻ ഭഗവത് പറഞ്ഞു. ആര്‍എസ്എസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

വിവിധ സംഘടനകളുമായി സഹകരിച്ച് ആര്‍എസ്എസ്സിന്റെ ‘കോവിഡ് റെസ്‌പോണ്‍സ് ടീം’ ആണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. മെയ് 11 മുതല്‍ അഞ്ച് ദിവസം നീണ്ടുനിന്നതായിരുന്നു പ്രഭാഷണ പരമ്പര. വിപ്രോ ഗ്രൂപ്പ് സ്ഥാപകന്‍ അസിം പ്രേംജി, ആത്മീയ ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവര്‍ ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു.