കർഷക സമരം ആറാം മാസത്തിലേക്ക്; സമരഭൂമിയിൽ ഇന്ന് കരിദിനം

NRI DESK : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ദില്ലി അതിർത്തികളിൽ നടത്തുന്ന സമരം ഇന്ന് ആറാം മാസത്തിലേക്ക്. സമരം ആറാം മാസത്തിലേക്ക് കടക്കുമ്പോൾ കർഷകർ ഇന്ന് കരിദിനം ആചരിക്കും.പ്രതിഷേധപരിപാടികളുടെ ഭാഗമായി സിംഘു ഉൾപ്പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും. ഉച്ചയ്ക്ക് 12 മണിക്കാകും കോലം കത്തിക്കൽ.

കൂടാതെ ട്രാക്ടറുകളും വീടുകളിലും കറുത്തകൊടികൾ ഉയർത്തി പ്രതിഷേധിക്കും.വിവിധ സംഘടനകളാണ് ഇന്നത്തെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു. കോൺഗ്രസും ഇടത് പാർട്ടികളുമടക്കം 12 പ്രതിപക്ഷ പാർട്ടികളാണ് കരിദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ച കർഷകർ പിന്തുണ സ്വീകരിക്കുകയും ചെയ്തു.

അതേസമയം ദില്ലി അതിർത്തികളിൽ യാതൊരു തരത്തിലുമുള്ള കൂട്ടായ്മകൾക്ക് അനുവാദം നൽകിയിട്ടില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു. ആരെങ്കിലും ലോക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. കരിദിനമാചരിക്കുമെന്ന കർഷക സംഘടനകളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദില്ലി പൊലീസിന്റെ അറിയിപ്പ്. എന്നാൽ സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിസിച്ചായിരിക്കും പ്രതിഷേധം നടത്തുക എന്ന് കർഷകർ പറഞ്ഞു.