കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓൺലൈനിൽ; ഉദ്‌ഘാടനം നാളെ

NRI DESK : കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇത്തവണ ഓൺലൈനിൽ. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിനാണ് നാളെ ഓൺലൈനിൽ തുടക്കമാകുന്നത്. രാവിലെ പത്ത് മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം നിർവഹിക്കും.സ്വാഗതസംഘം ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. രവി ഡി സി , ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുുല്‍ ഹക്കീം എന്നിവര്‍ പങ്കെടുക്കും.

‘കവിതയിലെ കാലമുദ്രകള്‍’ എന്ന വിഷയത്തില്‍ സച്ചിദാനന്ദനുമായി ഡോ. പി സുരേഷ് നടത്തുന്ന സംവാദത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് അന്താരാഷ്ട്ര കാവ്യോത്സവം നടക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാവ്യോത്സവം പലസ്തീന്‍ കവി അസ്മ അസെ, ലക്ഷദ്വീപ് കവി ഇസ്മത്ത് ഹുസൈന്‍ എന്നിവരുടെ കവിതകളോടെ ആരംഭിക്കും. വൈകിട്ട് ഏഴ് മണിക്ക് കാവ്യോത്സവം സമാപിക്കും.

അന്താരാഷ്ട്ര കാവ്യോത്സവത്തിൽ ഫലസ്തീൻ, ഇസ്രായേൽ, ദക്ഷിണാഫ്രിക്ക, ഇറ്റലി, അമേരിക്ക, അയർലണ്ട് തുടങ്ങി ഒൻപതുരാജ്യങ്ങളിൽ നിന്നുള്ള കവികളോടൊപ്പം തസ്ലീമ നസ്രീൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സൽമ, കെ ജി ശങ്കരപ്പിള്ള, ചന്ദ്രകാന്ത് പാട്ടിൽ, കുട്ടിരേവതി, നിഷി ചൌള, പി പി രാമചന്ദ്രൻ, റഫീക്ക് അഹമ്മദ് തുടങ്ങി അമ്പതിലേറേ കവികൾ പങ്കെടുക്കുന്നു.

ഇ.കെ.എൽ.എഫ് ന്റെ ഭാഗമായി 2021 ജൂൺ മുതൽ 2022 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽവരെയുള്ള മാസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും നടക്കും. ഡി സി ബുക്സിന്റെ യു ട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ ഇ-കെ.എൽ.എഫ് കാണുകയും പങ്കാളികളാകുകയും ചെയ്യാം.