അച്ഛനും പോയി, പ്രതിസന്ധിയിലായ ബിഹാറിന്റെ ‘സൈക്കിള്‍ പെണ്‍കുട്ടി’; ജ്യോതികുമാരിയുടെ പഠനം ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി

NRI DESK : അച്ഛന്‍ മോഹന്‍ പാസ്വാന്‍ മരിച്ചതോടെ പ്രതിസന്ധിയിലായ ബിഹാറിന്റെ ‘സൈക്കിള്‍ പെണ്‍കുട്ടി’ എന്നറിയപ്പെടുന്ന ജ്യോതി കുമാരിക്ക് സഹായവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ മെയ് മാസത്തില്‍ ലോക്ക്ഡൌണില്‍ ഹരിയാനയില്‍ കുടുങ്ങിയ പിതാവിനെ തിരികെ നാട്ടിലെത്തിക്കാന്‍ 1200ല്‍ അധികം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയെത്തിയ ജ്യോതി കുമാരി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപടക്കം ജ്യോതിയെ പ്രശംസിച്ചു. ബിഹാറിന്റെ സൈക്കിള്‍ പെണ്‍കുട്ടി എന്ന വിശേഷണവും അങ്ങനെ ജ്യോതിക്ക് ലഭിച്ചു. എന്നാൽ ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ജ്യോതികുമാരിയുടെ അച്ഛന്‍ മോഹന്‍ പാസ്വാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി ജ്യോതിയുടെ കുടുംബം. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുണ്ടായത്. വിവരമറിഞ്ഞ പ്രിയങ്ക ജ്യോതികുമാരിയെ ഫോണില്‍ ബന്ധപ്പെടുകയും പഠനത്തിന് ആവശ്യമായ എല്ലാ ചെലവുകള്‍ വഹിക്കുമെന്നും മറ്റ് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും ജ്യോതി കുമാരിക്ക് ഉറപ്പുനല്‍കുകയും ചെയ്തു.

ദര്‍ഭംഗയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണ് ജ്യോതികുമാരിയുടെ അവസ്ഥ പ്രിയങ്കയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സഹായത്തിനു പിന്നാലെ പ്രിയങ്കയെ കാണണമെന്ന് അറിയിച്ച ജ്യോതിയോട് കോവിഡ് മഹാമാരിക്ക് ശേഷം ഡല്‍ഹിയിലേക്ക് എത്തിക്കാമെന്നും അറിയിച്ചു. ഗുരുഗ്രാമില്‍ ഇ-റിക്ഷാ ഡ്രൈവറായ മോഹന്‍ പാസ്വാന്‍ വാഹനാപകടത്തില്‍പ്പെട്ടതോടെയാണ് പ്രതിസന്ധിയിലായത്. തുടർന്ന് ലോക്ക് ഡൌൺ കൂടെ വന്നതോടെ വരുമാനം പൂര്‍ണമായി നിലച്ചു. വാടക നല്‍കുകയോ അല്ലെങ്കില്‍ ഒഴിയുകയോ വേണമെന്ന് ഉടമ പറഞ്ഞതോടെ പാസ്വാന്‍ തീര്‍ത്തും ദുരിതത്തിലായി. പണമില്ലാതായതോടെ ഭക്ഷണവും മരുന്നും എല്ലാം മുടങ്ങി തന്റെയ പിതാവിന്റെ കഷ്ടപാടുമനസിലാക്കിയ 15കാരിയായ മകള്‍ സൈക്കിളില്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.

പരിക്കേറ്റ പിതാവിനെയും പിന്നിലിരുത്തി സൈക്കിളിൽ ഏഴ് ദിവസം കൊണ്ടാണ് ജ്യോതി കുമാരി ഗുഡ്ഗാവിൽ നിന്ന് ബിഹാറിലെത്തിയത്. ജ്യോതി കുമാരിയുടെ പ്രവര്‍ത്തനം പ്രധാൻ മന്ത്രിയുടെ രാഷ്ട്ര ബാൽ പുരസ്‌കാരത്തിനും കാരണമായിരുന്നു.