2021 ജൂൺ 5, ലോക പരിസ്ഥിതി ദിനം; വൃക്ഷത്തൈ നട്ട് മാതൃകയായി പട്ടം സെന്റ് മേരീസ് സ്‌കൂള്‍

NRI DESK: വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമായി കഴിഞ്ഞ 8 പതിറ്റാണ്ടുകളിലേറെക്കാലമായി അനന്തപുരിയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. നല്ലൊരു പുതുതലമുറയെ വാര്‍ത്തെടുക്കുകയും സമൂഹത്തിന് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയും എല്ലാ വിശേഷ ദിനാചരണങ്ങളിലും അദ്ധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃ പങ്കാളിത്തത്തോടെ നിരവധി മാതൃകാ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. ഈ കോവിഡ് പ്രതിസന്ധിക്കിടയിലും പതിവ് തെറ്റിക്കാതെ ഇത്തവണയും ലോക പരിസ്ഥിതി ദിനം ആചരിക്കുന്ന ജൂണ്‍ 5-ന് സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടാണ് സ്‌കൂള്‍ അധികൃതര്‍ മാതൃകയായത്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ബാബു, ഹെഡ്മാസ്റ്റര്‍ ബിജോ ഗീവര്‍ഗീസ, ഫാദര്‍ ഗീവര്‍ഗീസ് എഴിയത്ത് എന്നിവര്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചടങ്ങില്‍ ചുരുക്കം ചില അദ്ധ്യാപക-അനദ്ധ്യാപകരുടെ സാന്നിധ്യമാണ് ഇത്തവണ ഉണ്ടായത്. സ്‌കൂള്‍ ഔദ്യോഗികമായി തുറന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ പഠനം ഇപ്പോഴും ഓണ്‍ലൈനില്‍ ആയതിനാല്‍ വിദ്യാര്‍ത്ഥികളിലേക്ക് ഇതര മാധ്യമങ്ങളിലൂടെയും നവമാധ്യമ കൂട്ടായ്മകളിലൂടെയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഈ സന്ദേശം ഉള്‍ക്കൊണ്ട് വിദ്യാലയത്തിലെ ഓരോ വിദ്യാര്‍ത്ഥിക്കും അവരുടെ ചുറ്റുവട്ടത്തില്‍ ഒരു ചെടിയോ ഒരു വൃക്ഷതൈയോ നട്ടുപിടിപ്പിക്കാന്‍ പ്രചോദനമാകണം എന്നതാണ് സ്‌കൂള്‍ അധികൃതരുടെ ലക്ഷ്യം.