ടി20 ലോകകപ്പ് യുഎഇയില്‍ നടന്നേക്കും; വേദിമാറ്റത്തിന് ബിസിസിഐ സമ്മതിച്ചതായി സൂചന

NRI DESK : ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിൽ നടക്കാനുള്ള സാധ്യത മങ്ങുന്നു. രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന കൊവിഡ് വ്യാപനമാണ് ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാകാന്‍ കാരണമാകുന്നത്. ഈ സാഹചര്യത്തിൽ ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടന്നേക്കും. ഇക്കാര്യത്തിൽ ഐസിസിയോട് ബിസിസിഐ സമ്മതം മൂളിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കേണ്ടത്.

നേരത്തെ, ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ഐസിസി ബിസിസിഐക്ക് ജൂണ്‍ 28 വരെ സമയം നീട്ടി നല്‍കിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ടൂര്‍ണമെന്‍്റ് നടത്താന്‍ ഐസിസിക്ക് താല്‍പര്യമില്ല എന്ന് അറിയിച്ചതോടെ വേദി മാറ്റം സംബന്ധിച്ച്‌ ബിസിസിഐ നിലപാട് മാറ്റാന്‍ തയ്യാറായതെന്നാണ് സൂചന. കോവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കെ ഒക്ടോബർ-നവംബർ മാസങ്ങളിൽ സ്ഥിതി വഷളായേക്കുമെന്ന സാഹചര്യവും ഐസിസിയെ അലട്ടുന്നുണ്ട്. അതേസമയം, ലോകകപ്പ് ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയാലും ആതിഥേയരുടെ അവകാശങ്ങളെല്ലാം ഇന്ത്യക്കുണ്ടാകും.

ഐപിഎല്ലിന് പിന്നാലെ ലോകകപ്പ് നടക്കുന്നതിനാൽ യു.എ.ഇയിലെ വേദികൾക്ക് അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരും. ഇതിന് സമയം ലഭിക്കാനായി യുഎഇയിലെ വേദികള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് സജ്ജമാക്കുന്നതിന് സമയം ലഭിക്കുവാന്‍ വേണ്ടിയാണ് ഗള്‍ഫ് മേഖലയിലെ തന്നെ മറ്റൊരു വേദി കൂടി ഐസിസിയുടെ പരിഗണനയില്‍ വന്നത്. ദുബായ്, അബൂദാബി, ഷാർജ എന്നിവിടങ്ങളിലാകും യു.എ.ഇയിലെ മത്സരങ്ങളുടെ വേദി.