മൂന്നര മണിക്കൂറിലേറെ നീണ്ട പോരാട്ടം; ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറുമെന്ന സൂചനയുമായി ഫെഡററും

NRI DESK : ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചനകള്‍ നല്‍കി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. മാദ്ധ്യമ അഭിമുഖവിഷയത്തില്‍ സംഘാടകരുമായി തെറ്റി നവോമി ഒസാക്ക പിന്മാറിയതിന് പിന്നാലെയാണ് സ്വിസ് പുരുഷതാരത്തിന്‍റെ സൂചന. ശനിയാഴ്ച നടന്ന മൂന്നാം റൗണ്ട് മത്സരത്തിനു പിന്നാലെയാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്.

മൂന്നാം റൗണ്ടില്‍ ഡൊമിനിക് കൊപ്‌ഫെയ്‌ക്കെതിരായ ഫെഡററുടെ നാലു സെറ്റ് നീണ്ട മത്സരം മൂന്ന് മണിക്കൂറും 35 മിനിറ്റുമാണ് നീണ്ടത്. 7-6(5), 6-7 (3), 7-6 (4), 7-5 എന്ന സ്‌കോറിന് ഫെഡറര്‍ മത്സരം ജയിക്കുകയും ചെയ്തു. എന്നാൽ വലത് കാല്‍മുട്ടിന് രണ്ടു ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ശേഷം കഴിഞ്ഞ 18 മാസത്തിനിടെ ഫെഡറര്‍ കളിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു ഇത്. ടൂര്‍ണമെന്റിന്റെ കാഠിന്യം കൈകാര്യം ചെയ്യാന്‍ കാല്‍മുട്ടിന് കഴിയുന്നില്ലെങ്കില്‍ പിന്മാറുമെന്നാണ് താരം പറഞ്ഞത്. വിശ്രമത്തിന് ശേഷം ആകെ മൂന്ന് ടൂര്‍ണ്ണമെന്‍റില്‍ മാത്രമാണ് ഫെഡറര്‍ കഴിഞ്ഞ സീസണില്‍ കളിച്ചത്.

”കളി തുടരണമോ വേണ്ടയോ എന്ന് എനിക്ക് തീരുമാനിക്കേണ്ടതുണ്ട്. കാല്‍മുട്ടിന് കൂടുതല്‍ സമ്മര്‍ദം കൊടുക്കുന്നത് വെല്ലുവിളിയാവുമോ? വിശ്രമം എടുക്കേണ്ട സമയമാണോ എന്നെല്ലാം അറിയണം. ഓരോ മത്സരത്തിന് ശേഷവും ഞാന്‍ കാല്‍മുട്ടിന്റെ അവസ്ഥ വിലയിരുത്തണം.ഓരോ ദിവസവും ഞാന്‍ ഉറക്കം ഉണരുന്നത് എന്റെ കാല്‍മുട്ടിന്റെ അവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കിയാണ്.” – ഫെഡറര്‍ പറഞ്ഞു. തന്‍റെ 40-ാം പിറന്നാളിലേക്ക് കടക്കാന്‍ രണ്ടുമാസം ബാക്കിനില്‍ക്കേ ഫ്രഞ്ച് ഓപ്പണിലെ കഠിനമായ മത്സരങ്ങള്‍ പരിക്കേല്‍പ്പിക്കുമോ എന്ന ഭയം താരത്തിനുണ്ട്.