എച്ച്‌ഐവി ബാധിതയായ 36 കാരി കൊവിഡിനെ വഹിച്ചത് 216 ദിവസം; 30 ലേറെ തവണ ജനിതക വ്യതിയാനം

NRI DESK : ദക്ഷിണാഫ്രിക്കയില്‍ എച്ച്‌ഐവി ബാധിതയായ യുവതി കൊറോണ വൈറസിനെ വഹിച്ചത് 216 ദിവസം. ഈ ദിവസങ്ങളിൽ മുപ്പത്തിയാറുകാരിയായ യുവതിയിൽ കൊറോണ വൈറസിന്റെ മുപ്പതിലധകം വ്യതിയാനങ്ങൾ സംഭവിച്ചു. മെഡിക്കൽ ജേർണലായ മെഡ്‌റെക്‌സിവിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഭവം ഞെട്ടിക്കുന്നതാണെന്നാണ് കണ്ടെത്തല്‍ നടത്തിയ ഗവേഷകര്‍ പറയുന്നത്.

ക്വാസുലു നതാൽ സ്വദേശിയായ യുവതിയിലാണ് ഇത് കണ്ടെത്തിയത്. 2006 ലാണ് യുവതിയ്ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. തുടർന്ന് യുവതിയുടെ പ്രതിരോധശേഷി കാലക്രമേണ കുറഞ്ഞുവന്നു. എന്നാൽ 2020 സെപ്റ്റംബറിൽ യുവതിയ്ക്ക് കൊറോണ ബാധിച്ചു. തുടർന്ന് ഇവരിൽ 13 കൊറോണ വകഭേദങ്ങളും 19 ജനിതക വ്യതിയാനങ്ങളും സംഭവിച്ചതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തെിയ കൊവിഡ് വകഭേദമായ ബി. 1.351 ന്റെ ഭാഗമായ എന്‍ 510 വൈയും ബ്രിട്ടനില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദത്തിന്റെ ഭാഗമായ ഇ484കെയും യുവതിയുടെ ശരീരത്തില്‍ കണ്ടെത്തിയതായാണ് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈറസ് വ്യാപനം ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഗവേഷകര്‍ പറയുന്നു.

പ്രതിരോധ ശേഷി കുറവുള്ള വ്യക്തികളുടെ ശരീരത്തിൽ കൊറോണ വൈറസിന് ഏറെ കാലം തുടരാനാകും എന്ന് ക്വാസുലു നതാൽ സർവ്വകലാശാലയിലെ ജനിസിസ്റ്റും റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്ധനും കൂടിയായ ട്യൂലിയോ ഡി ഒലിവൈറ പറയുന്നു. എച്ച്‌ഐവി ബാധിതയായ യുവതിയിൽ ആദ്യകാലഘട്ടത്തിൽ കൊറോണയുടെ നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നഥാല്‍ മേഖലയിലാണ് കൊവിഡിന്റെ വകഭേദങ്ങളില്‍ അധികവും കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ മുതിര്‍ന്നവരില്‍ നാലില്‍ ഒന്ന് പേരും എച്ച്‌ഐവി ബാധിതരാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.