ശാരീരിക ബുദ്ധിമുട്ടുകൾ; ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് റോജർ ഫെഡറർ പിന്മാറി

NRI DESK : ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് ഇതിഹാസ താരം റോജർ ഫെഡറർ പിന്മാറി. ജര്‍മനിയുടെ ഡൊമനിക് കോയേപ്ഫറെ തോല്‍പിച്ചതിന് പിന്നാലെയാണ് ഫെഡറര്‍ പിന്‍മാറ്റം പ്രഖ്യാപിച്ചത്. ശാരീരിക അവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് താരം പിന്മാറിയത്. ഫെഡറർ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

‘എൻ്റെ ടീമുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ, ഞാൻ റോളണ്ട് ഗാരോസിൽ ഇന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുന്നു. മുട്ടുകാലിൽ രണ്ട് സർജറികളും ഒരു വർഷത്തെ വിശ്രമവും കഴിഞ്ഞതുകൊണ്ട് തന്നെ എൻ്റെ ശരീരത്തെ ഞാൻ മനസ്സിലാക്കേണ്ടതുണ്ട്. ശരീരത്തെ കൂടുതൽ നിർബന്ധിക്കാതിരിക്കേണ്ടതുണ്ട്. 3 മത്സരങ്ങൾ കളിച്ചതിൽ സന്തോഷം. കോർട്ടിൽ തിരികെവരുന്നതിനെക്കാൾ സന്തോഷം വേറെയില്ല.’- ഫെഡറർ ട്വിറ്ററിൽ കുറിച്ചു.

ഞാന്‍ കളിക്കുമോ എന്ന് എനിക്കറിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം ഫെഡറര്‍ പ്രതികരിച്ചത്. നേരത്തെ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന വിംബിള്‍ഡണ്‍ ടൂര്‍ണമെന്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ഫെഡററുടെ പിന്‍മാറ്റമെന്നും സൂചനയുണ്ട്.വിംബിള്‍ഡണില്‍ എട്ട് സിംഗിള്‍സ് കിരീടം നേടിയ റെക്കോര്‍ഡ് നേട്ടത്തിനുടമയാണ് ഫെഡറല്‍. എന്നാല്‍ കളിമണ്‍ കോര്‍ട്ടില്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ ഒരിക്കല്‍ മാത്രമാണ് അദ്ദേഹത്തിന് കിരീടം നേടാനായത്.