പാകിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 36 പേർ മരിച്ചു , നിരവധിപേർക്ക് പരിക്ക്

NRI DESK : പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു. 50ലേറെ പേർക്ക് പരിക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് മില്ലത് എക്സ്പ്രസ്സ്, സര്‍ സയിദ് എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾ കൂട്ടിയിടിച്ചത്.

കറാച്ചിയില്‍നിന്നും സര്‍ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്‌സ്പ്രസ് പാളംതെറ്റുകയും സര്‍ സയിദ് എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ലാഹോറില്‍നിന്നും കറാച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സര്‍ സയിദ് എക്‌സ്പ്രസ്. മില്ലത് എക്‌സ്പ്രസിന്റെ 14ഓളം ബോഗികള്‍ തലകീഴായി മറിഞ്ഞു. 14 ബോഗികൾ പാളംതെറ്റുകയും എട്ട് ബോഗികൾ പൂർണമായി തകരുകയും ചെയ്തു.

പ്രദേശവാസികളും പൊലീസും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പരിക്കേറ്റവരെയും മരിച്ചവരെയും സമീപ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ കൂടിയേക്കുമെന്നാണ് സൂചന.