ഹജ്ജ്​ തീർഥാടകരുടെ എണ്ണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല: സൗദി ഹജ്ജ്​, ഉംറ സഹമന്ത്രി

ജിദ്ദ: ഈ വർഷത്തെ ഹജ്ജ്​ തീർഥാടകരുടെ എണ്ണം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന്​ സൗദി ഹജ്ജ്​, ഉംറ സഹമന്ത്രി ഡോ. അബ്​ദുൽ ഫതാഹ്​ അൽമുശാത്​ പറഞ്ഞു. റോത്താന ഖലീജിയ ചാനലിന്‍റെ ‘യാ ഹലാ’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന. തീർഥാടകരുടെ എണ്ണം 60,000 ആയി നിർണയിച്ചുവെന്ന തരത്തിലുള്ള പ്രചാരണമുണ്ട്​. എന്നാൽ അത് ശരിയല്ല. സാഹചര്യങ്ങൾക്കനുസരിച്ച്​ എണ്ണത്തിൽ വ്യത്യാസമുണ്ടായേക്കും. ഹജ്ജുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്​. അതു പൂർത്തിയാൽ തീർഥാടകരുടെ എണ്ണം കൃത്യമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര, വിദേശ തീർഥാടകർ​ കോവിഡ്​ വാക്​സിനെടുത്തിരിക്കുക എന്നത്​ ഈ വർഷത്തെ ഹജ്ജ്​ വ്യവസ്ഥകളിലുൾപ്പെടും. ഹജ്ജിൽ പ്രയോഗിക്കുന്ന സംവിധാനങ്ങൾ സമഗ്രമാണ്​. വ്യവസ്ഥകൾ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങൾക്കോ, രാജ്യങ്ങൾക്കോ മാത്രമാകുകയില്ലെന്ന്​ കോവിഡ്​ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന ചില രാജ്യങ്ങളെ ഹജ്ജിൽ നിന്ന്​ ഒഴിവാക്കുമോയെന്ന​ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.