കോവിഡ്; ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി

NRI DESK: ഇന്ത്യയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി. ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല.

ജൂണ്‍ 30 വരെ യാത്രാ വിലക്ക് നീട്ടിയെന്നായിരുന്നു നേരത്തെ എമിറേറ്റ്സ് അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ട പുതിയ അറിയിപ്പിലാണ് ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.  രണ്ടാംഘട്ട കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 25 മുതല്‍ 10 ദിവസത്തേക്കായിരുന്നു ആദ്യം വിലക്ക് പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയിലെ സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ വിലക്ക് പിന്നെയും നീട്ടുകയായിരുന്നു.