കാമുകിയെ ആരുമറിയാതെ യുവാവ് വീട്ടിൽ താമസിപ്പിച്ചത് 10 വർഷം; ഇത് അവിശ്വസനീയമായ ഒരു ‘പ്രണയം’

NRI DESK : പ്രണയിച്ച പെൺകുട്ടിയെ ആരും കാണാതെ സംരക്ഷിച്ചത് 10 വർഷം. അതും അസൗകര്യങ്ങൾ നിറഞ്ഞ സ്വന്തം വീട്ടിൽ വീട്ടുകാർ പോലുമറിയാതെ. അയിലൂർ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകൾ സജിതയെ (28) വീട്ടിൽ ഇത്രയും കാലം ഒളിപ്പിച്ച സംരക്ഷിച്ചത്.

2010 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. 24 കാരനായ റഹ്മാൻ 18 കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. തുടർന്ന് സജിത റഹ്മാന്റെ അടുത്തേക്ക് വീടുവിട്ടിറങ്ങി ചെല്ലുകയായിരുന്നു. 2010 ഫെബ്രുവരി രണ്ടിനാണ് അയിലൂർ കാരക്കാട്ട് പറമ്പ് സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. അന്ന് യുവാവിനെ ഉൾപ്പെടെയുള്ള സംശയമുള്ളവരെയെല്ലാം പോലീസ് ചോദ്യം ചെയ്തിരുന്നു എങ്കിലും പൊലീസിന് തുമ്പൊന്നും ലഭിച്ചിരുന്നില്ല.

അതേസമയം, ചെറിയ വീട്ടീൽ ശൗചാലയം പോലുമില്ലാത്ത മുറിയിൽ റഹ്മാന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പോലുമറിയാതെ യുവതി താമസിക്കുന്നുണ്ടായിരുന്നു. യുവാവ് പുറത്തിറങ്ങുമ്പോഴെല്ലാം മുറി പ്രത്യേകതരം രീതിയിൽ പൂട്ടിയിട്ടു പോകും. ജനലിന്റെ പലക നീക്കി കൃത്യ സമയത് ഭക്ഷണവും എത്തിച്ചു നൽകും. രാത്രി ആരുമറിയാതെ പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിരുന്നത്.

ഇലക്ട്രീഷ്യനായ റഹ്മാൻ ഇക്കഴിഞ്ഞ മാർച്ചിൽ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി. വിത്തിനശേരിയിൽ വാടക വീടെടുത്ത് സജിതയെ രഹസ്യമായി കൊണ്ടുവന്ന് താമസം തുടങ്ങി. ദിവസങ്ങൾ പിന്നിട്ടിട്ടും ഇയാളെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. 2021 മാർച്ച് മൂന്നിന് യുവാവിനെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ വിവരമൊന്നും കണ്ടെത്താനും കഴിഞ്ഞില്ല.

ഇതിനിടെ ചൊവ്വാഴ്ച യുവാവിന്റെ സഹോദരൻ നെന്മാറ കവലയിൽ വെച്ച് കണ്ടതോടെ വാഹനപരിശോധന നടത്തുന്ന പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്‌ സ്വന്തം വീടെന്ന സ്വപ്‌നത്തിൽ വിത്തനശ്ശേരിയിലെ വാടക വീട്ടിൽ കഴിയുകയായിരുന്ന രണ്ടുപേരെയും കണ്ടെത്തിയത്. ഇരുവരെയും പൊലീസ് ആലത്തൂർ കോടതിയിൽ ഹാജരാക്കി. പ്രായപൂർത്തിയായ ഇവർ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുന്നതായാണ് മൊഴി നൽകിയതെന്ന് നെന്മാറ സി.ഐ. എ. ദീപകുമാർ പറഞ്ഞു. റഹ്മാനൊപ്പം താമസിക്കാനാണ് താല്പര്യമെന്നും പരാതിയില്ലെന്നും സജിത പറഞ്ഞതോടെ ഇരുവരെയും കോടതി വിട്ടയച്ചു.