ഫലപ്രദമല്ല; ഭൂട്ടാന് പിന്നാലെ പതഞ്ജലിയുടെ കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തലാക്കി നേപ്പാള്‍

NRI DESK : പതഞ്ജലി സമ്മാനിച്ച കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തിവച്ച് നേപ്പാള്‍. ആയുര്‍വേദ, സമാന്തര മെഡിസിന്‍ വിഭാഗമാണ് കൊറോണ്ല്‍ കിറ്റിന്‍റ് വിതരണം നിര്‍ത്തിയത്. കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് നല്‍കിയ കിറ്റുകൾ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനാലാണ് നടപടി.

യോഗാചാര്യന്‍ ബാബാ രാംദേവിന്‍റെ പതഞ്ജലി ഗ്രൂപ്പ് സമ്മാനമായി നല്‍കിയതായിരുന്നു ഈ കിറ്റുകള്‍. 1500 കൊറോണില്‍ കിറ്റാണ് നേപ്പാളിന് നല്‍കിയത്. കൊവിഡ് അണുബാധയെ ചെറുക്കാന്‍ കൊറോണില്‍ കിറ്റ് സഹായിക്കുമെന്നായിരുന്നു പതഞ്ജലിയുടെ വാദം. കൊറോണില്‍ കിറ്റിലുള്ള മൂക്കിലൂടെ ഉപയോഗിക്കുന്ന നേസല്‍ ഓയിലും ടാബ്ലെറ്റുകളും കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്ന മരുന്നുകള്‍ക്ക് തുല്യമല്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പതഞ്ജലിയുടെ കൊറോണില്‍ കിറ്റുകൾക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പ്രസ്താവനകള്‍ നേപ്പാള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ഫലപ്രാപ്തി തെളിയിക്കാന്‍ രാംദേവിനെ വെല്ലുവിളിക്കുകയും ചെയ്തു.

നേരത്തെ കൊറോണില്‍ കിറ്റുകളുടെ വിതരണം ഭൂട്ടാനും നിര്‍ത്തിവെച്ചിരുന്നു. ഭൂട്ടാന്റെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായിരുന്നു കിറ്റുകളുടെ വിതരണം നിർത്തിവെച്ചത്. ഇതിന് പിന്നാലെയാണ് നേപ്പാളിന്റെയും നടപടി. കൊറോണില്‍ കിറ്റുകൾ കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമല്ലെന്ന് കണ്ടാണ് ഭൂട്ടാനിലും വിതരണം നിർത്തിവെച്ചത്.