കോവിഡ് പ്രതിരോധം; കുവൈത്തിൽ ആസ്ട്രസെനക വാക്‌സിൻ രണ്ടാം ഡോസ് വിതരണം നാളെ മുതൽ

NRI DESK : ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്‌സിനായ ആസ്ട്രസെനകയുടെ രണ്ടാമത്തെ ഡോസ് നാളെ മുതൽ കുവൈത്തിൽ വിതരണം ചെയ്യും. കുവൈത്ത് ആരോഗ്യമന്ത്രാലയമാണ് ഈ വിവരംഅറിയിച്ചത്. കഴിഞ്ഞ മാസം കുവൈത്തിലെത്തിയ മൂന്നാം ബാച്ച് ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഗുണനിലവാര പരിശോധനാ ഫലം ഇന്നലെ ലഭിച്ചിരുന്നു. പത്തു ദിവസത്തിനുള്ളിൽ രണ്ട് ലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി പ്രത്യേക കാംപയിനും നടത്താൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് പ്രതിരോധ വാക്‌സിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. വാക്സിൻ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ച് സമഗ്രമായി വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകിയതെന്ന് ഡ്രഗ്‌സ് ആൻഡ് കൺട്രോൾ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ അറിയിച്ചു. ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ എന്നീ കമ്പനികളുമായി കോവിഡ് വാക്‌സിൻ വാങ്ങുന്നതിനുള്ള കരാറിൽ കഴിഞ്ഞ ദിവസം കുവൈത്ത് ഒപ്പുവച്ചിരുന്നു.