‘വാക്സീന്‍ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുത്’; സംസ്ഥാനങ്ങളോട് കേന്ദ്രം

NRI DESK : വാക്സീൻ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. വാക്‌സിന്‍ സ്റ്റോക്ക്, അവ സൂക്ഷിക്കുന്ന താപനില എന്നീ വിവരങ്ങള്‍ അതീവപ്രാധാന്യമുള്ള വിവരങ്ങളാണ്. അനുമതിയില്ലാതെ അത്തരം വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നാണ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. അതേസമയം ഈ വിവരങ്ങള്‍ പല സംസ്ഥാന സര്‍ക്കാരുകളും മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവിടുന്നുണ്ട്. ഇത് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

വാക്സീൻ വിതരണം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള പുതുക്കിയ മാര്‍ഗ്ഗരേഖ കേന്ദ്രം പുറത്തിറക്കിയിരുന്നു.രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാക്സീൻ വിതരണം ചെയ്യുക. വാക്സീൻ പാഴാക്കിയാൽ വിതരണത്തിൽ കുറവ് വരുത്തും. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീൻ നൽകുമ്പോൾ അതിന്‍റെ മുൻഗണന ക്രമം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ 80 ശതമാനം പേർക്ക് സെപ്റ്റംബറോടെ വാക്സീൻ നല്‍കണമെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഒരുദിവസം 90 ലക്ഷം പേര്‍ക്കെങ്കിലും വാക്സീന്‍ നല്‍കുന്ന തരത്തില്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കണമെന്നാണ് ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.