ബം​ഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു

NRI DESK : വിഖ്യാത ബം​ഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു. 77വയസ്സായിരുന്നു. കൊൽക്കത്തയിലെ വസതിയിൽ ഇന്നു പുലർച്ചെ ആറിനായിരുന്നു അന്ത്യം. ഏറെ നാളായി കിഡ്നി സംബന്ധമായ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു.

ബുദ്ധദേബിന്റെ ബാഗ് ബഹാദൂർ (1989), ചരച്ചാർ (1993), ലാൽ ദർജ (1997), മോണ്ടോ മേയർ ഉപാഖ്യാൻ 2002), കൽപുരുഷ് (2008) എന്നീ അഞ്ചു ചിത്രങ്ങൾ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരങ്ങൾക്ക് അദ്ദേഹത്തെ അർഹനാക്കി. ഉത്തര(2000), സ്വപ്നെർ ദിൻ(2005) എന്നീ ചലച്ചിത്രങ്ങളിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും ബുദ്ധദേബിനെ തേടിയെത്തി.

1988ലും 1994ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.സ്‌പെയിൻ ഇന്റർനാഷനൽ ചലച്ചിത്രമേളയിൽ ലൈഫ്‌ ടൈം അച്ചീവ്മെന്റ് പുരസ്കാരവും ലഭിച്ചു. ഗൗതം ഗോഷ്, അപർണ സെൻ എന്നിവർക്കൊപ്പം 1980–1990 കാലഘട്ടത്തിൽ ബംഗാളിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ പതാകവാഹകനായിരുന്നു ഇദ്ദേഹം.