അഫ്ഗാനില്‍ വെടിവെപ്പില്‍ 10 മരണം, 16 പേര്‍ക്ക് പരിക്ക്

കാബൂള്‍: കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്ന സംഘടനയുടെ ക്യാമ്പില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പിൽ 10 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 16 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ അഫ്ഗാനിലെ ബഗ്ലാന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ബ്രിട്ടന്‍ ആസ്ഥാനമായ ഹാലോ ട്രസ്റ്റിന്റെ ക്യാമ്പില്‍ ഈ സമയം 110 ജീവനക്കാർ ഉണ്ടായിരുന്നു.

ഒരു വിഭാഗം പേരെ തെരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹാലോ ചീഫ് എക്‌സിക്യുട്ടീവ് ജെയിംസ് കൊവാന്‍ പ്രതികരിച്ചു. ക്യാമ്പിലേക്ക് ആറ് പേര്‍ തോക്കു ചൂണ്ടി എത്തിയെന്നും ഷിയ ഹസറ വിഭാഗക്കാര്‍ ആരെല്ലാമെന്ന് അന്വേഷിച്ച് വെടിവെപ്പ് നടത്തിയെന്നും പരിക്കേറ്റ ഒരാള്‍ വ്യക്തമാക്കി.

അതെ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തതായി സൈറ്റ് ഇന്റലിജന്‍സ് മോണിറ്ററിങ് ഗ്രൂപ് പിന്നീട് അറിയിച്ചു. നേരത്തെ, സര്‍ക്കാര്‍ താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞെങ്കിലും താലിബാന്‍ ഇത് നിഷേധിച്ചിരുന്നു.