ഓട്ടോഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികളെ പെരുമ്പഴുതൂർ ഗവ. സ്കൂൾ വളപ്പിൽ നിന്നു അറസ്റ്റ് ചെയ്തു

തിരുവനന്തപുരം:  ഓട്ടോഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികളെ പെരുമ്പഴുതൂർ ഗവ. സ്കൂൾ വളപ്പിൽ നിന്നു അറസ്റ്റ് ചെയ്ത് നെയ്യാറ്റിൻകര പൊലീസ്. പെരുമ്പഴുതൂർ കീളിയോട് കുഴിവിള വീട്ടിൽ സുധി സുരേഷ് (20), പെരുമ്പഴുതൂർ അയണിയറത്തല കിഴക്കിൻകര വീട്ടിൽ ശോഭാലാൽ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. സ്കൂൾ വളപ്പിൽ എത്തിയ പോലീസ് കണ്ടത് പ്രതികൾ സ്കൂളിൽ സുഖമായി ഉറങ്ങിക്കിടക്കുന്നതാണ്.പ്രതികളെ സ്റ്റേഷനിൽ എത്തിച്ച ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു .കഴിഞ്ഞ മാസം 26ന് ഓട്ടോ ഡ്രൈവറായ കീളിയോട് വട്ടവിള പുത്തൻവീട്ടിൽ വിനോദിനെ, സുധി സുരേഷും കീളിയോട് കുഴിവിള വീട്ടിൽ അരുൺ ബാബുവും ചേർന്ന് ആക്രമിച്ചിരുന്നു. വിനോദിന്റെ ഓട്ടോറിക്ഷയിൽ ഇരുന്ന് ബീഡി വലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം.അതേസമയം, അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘത്തിലുണ്ടായിരുന്ന ശോഭാലാലിനെ അറസ്റ്റ് ചെയ്തത്. അതേസമയം, പോലീസിനെ കണ്ടതോടെ കൂട്ടത്തിലൊരാൾ ഓടി രക്ഷപ്പെട്ടു. ഇയാളുടെ പേരിൽ കേസുകൾ ഇല്ലെന്ന് പോലീസ് പറഞ്ഞു.